നൊമ്പരമായി ​ഉമേഷ് കൃഷ്ണ



കിളിമാനൂർ യുവ എസ്എഫ്ഐ നേതാവിന്റെ വിയോ​ഗമറിഞ്ഞ വേദനയിലാണ് നാവായിക്കുളത്തെ നാട്ടുകാർ. കേട്ടവർ കേട്ടവരെല്ലാം വാർത്ത സത്യമാകരുതേ എന്നാ​ഗ്രഹിച്ചു. ബുധൻ രാത്രി 8.45ന് ഇരുപത്തിയെട്ടാംമൈൽ പള്ളിക്കൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച  ഉമേഷ് കൃഷ്ണ (21) നാട്ടുകാർക്ക് അത്രയേറെ പ്രിയങ്കരനായിരുന്നു. ഉമേഷും സുഹൃത്ത് അനൂപും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ​കാൽനടയാത്രികനെ ഇടിച്ചായിരുന്നു അപകടം.  കാൽനടയാത്രികനായ പൈവേലിക്കോണം സ്വദേശി സുരേഷ് (69) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചിരുന്നു. ബാലസംഘം പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ ഉമേഷ് കൃഷ്ണ എസ്എഫ്ഐയുടെ മുന്നണി പോരാളിയാകുകയായിരുന്നു. പള്ളിക്കൽ യുഐടി യൂണിറ്റ് സെക്രട്ടറിയും വൈകാതെ നാവായിക്കുളം മേഖലാ സെക്രട്ടറിയും എസ്എഫ്ഐ കിളിമാനൂർ ഏരിയ കമ്മിറ്റിയം​ഗവുമായി മാറി. കോവിഡ് കാലത്ത് കലാലയം അടച്ചതോടെ എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും ഒപ്പം നാടിനുവേണ്ടി ഓടിനടന്നു. ഭക്ഷണപ്പൊതി നൽകാനും അണുനശീകരണം നടത്താനുമൊക്കെ മുൻനിരയിലുണ്ടായി. എപ്പോഴും ചിരിച്ചമുഖത്തോടെ എല്ലാവർക്കും പ്രിയപ്പെട്ടവനായ ഉമേഷ് കൃഷ്ണ രാഷ്ട്രീയത്തിനതീതമായി വിപുലമായ സുഹൃദ് ബന്ധത്തിനുടമയായിരുന്നു.  സിപിഐ എം ഇരുപത്തിയെട്ടാം മൈൽ ബ്രാഞ്ച് അം​ഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയം​​ഗവുമായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം ഉമേഷിന്റെ അച്ഛൻ  ഉണ്ണിക്കൃഷ്ണൻ വിദേശത്ത് നിന്നെത്തിയശേഷം വെള്ളി രാവിലെ 11.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും.  ഇരട്ട സഹോദരി ഉമ. Read on deshabhimani.com

Related News