സിപിഐ എം നേതാവിനെ കൊലപ്പെടുത്താൻ കോൺഗ്രസ്‌ ശ്രമം

കോൺഗ്രസ് സംഘം വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സിപിഐ എം ഏരിയാകമ്മിറ്റി അംഗം തോട്ടത്തിൽ മധുവിനെ ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ആശുപത്രിയിൽ സന്ദർശിച്ച് വിവരങ്ങൾ ആരായുന്നു


  വെള്ളറട സിപിഐ എം നേതാവിനെ  കൊലപ്പെടുത്താൻ കോൺഗ്രസുകാരുടെ ശ്രമം. വെള്ളറട ഏരിയ കമ്മിറ്റി അംഗം തോട്ടത്തിൽ മധുവിനെയാണ് പഞ്ചായത്തംഗം ജയന്റെ  നേതൃത്വത്തിലുള്ള സംഘം  വീട്ടിനുള്ളിൽ നിന്ന്‌ വലിച്ചിറക്കി ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് മർദിച്ചത്.      വീടിനുനേരെ ബോംബേറുമുണ്ടായി. മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും അമ്പൂരി ലോക്കൽ കമ്മിറ്റി അംഗവുമായ ഭാര്യ അനിതാ മധുവിനെയും സഹോദരി ചന്ദ്രലീലയെയും മകൾ രജി മോളെയും സംഘം ക്രൂരമായി മർദിച്ചു. രജിമോളുടെ കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിച്ചു  കൈക്കലാക്കി. ഇരുപത്തിഅഞ്ചോളം പേരടങ്ങുന്ന സംഘം  കെപിസിസി പ്രസിഡന്റ് കെ സുധാകരന്  അഭിവാദ്യമർപ്പിച്ച് കൊലവിളി മുഴക്കിയാണ് വീട്ടിലേക്ക് ഇരച്ചു കയറിയത്. വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം.   ബുധനാഴ് ച കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ തർക്കമാണ് അക്രമ ത്തിന് കാരണമായി പറയപ്പെടു ന്നത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ  വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആശുപത്രിയിലെത്തി മധുവിനെ സന്ദർശിച്ചു. ഭാര്യയുടെയും മകളുടെയും സഹോദരിയുടെയും മുന്നിലിട്ട്  സിപിഐ എം നേതാവിനെ ആക്രമിക്കുകയും  നിലവിളിച്ച സ്ത്രീകളെ  അതിക്രൂരമായി മർദിക്കുകയും ചെയ്ത കോൺഗ്രസ് ക്രിമിനലുകൾക്ക്  നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്നും  അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കു നേരെയുള്ള കടന്നുകയറ്റം പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.  കോൺഗ്രസ് എത്രത്തോളം ഹീനമായാണ് പെരുമാറുന്നതെന്ന് പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞതായും ആനാവൂർ പറഞ്ഞു. സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, അമ്പൂരി ലോക്കൽ സെക്രട്ടറി കുടപ്പനമൂട് ബാദുഷ, ടി എൽ രാജ്, ഷംനാദ്, സി പി കരുണാകരൻ, സുരേഷ് കുമാർ തുടങ്ങിയവർ ആനാവൂരിനൊപ്പമുണ്ടായിരുന്നു.      Read on deshabhimani.com

Related News