ബാങ്ക്‌ വായ്പയിലൂടെ പണം തട്ടാൻ ശ്രമിച്ചവർ അറസ്‌റ്റിൽ



വർക്കല വ്യാജരേഖ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കേരള ബാങ്കിൽനിന്ന്‌ പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്‌റ്റിൽ. വർക്കല ചെറുകുന്നം കണ്ണങ്കര വീട്ടിൽ സൽമ (42), ശിവഗിരി അരുണഗിരിയിൽ രേഖ വിജയൻ (33) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ്‌ ചെയ്തു. നഗരസഭ 16–-ാം വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജരേഖകൾ തയ്യാറാക്കിയാണ്‌ ഇവർ ബാങ്കിൽ വായ്പയ്ക്ക്‌ അപേക്ഷിച്ചത്‌. നഗരസഭ സിഡിഎസ് ചെയർപേഴ്സന്റെയും മെമ്പർ സെക്രട്ടറിയുടെയും വ്യാജ ലെറ്റർ പാഡും സീലുകളും പതിച്ച ശുപാർശക്കത്തും അഫിലിയഷൻ സർട്ടിഫിക്കറ്റും ഇവർ ഹാജരാക്കി. കേരള ബാങ്കിന്റെ പുത്തൻചന്ത ശാഖയിലാണ്‌ അപേക്ഷ സമർപ്പിച്ചത്‌. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി 27 ജെഎൽജി യൂണിറ്റുകൾ വ്യാജമായി ഉണ്ടാക്കി 81 ലക്ഷം രൂപയുടെ വായ്പയ്ക്കുള്ള വ്യാജരേഖകളാണ്‌ തയ്യാറാക്കി നൽകിയത്‌.  എന്നാൽ, അപേക്ഷയിലെ ഒപ്പം സീലും കൈയെഴുത്തിലും സംശയം തോന്നിയ ബാങ്ക് അധികൃതർ നഗരസഭാ സിഡിഎസിനെ പുനഃപരിശോധനയ്ക്കായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന്‌ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നഗരസഭാ സൂപ്രണ്ട് നിയമനടപടികൾക്കായി ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടത്. വർക്കല നഗരസഭാ സിഡിഎസ്‌ ചെയർപേഴ്‌സൺ ഭവാനിയമ്മയും ബാങ്ക്‌ അധികൃതരും പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം എന്നിവയാണ്‌ ചുമത്തിയിട്ടുള്ളത്‌. വ്യാജരേഖകൾ ചമയ്ക്കാൻ മറ്റാരുടെയെങ്കിലും സഹായ   മുണ്ടോ എന്നത് അന്വേഷി   ക്കുന്നുണ്ടെന്ന്‌ പൊലീസ്    അറിയിച്ചു. Read on deshabhimani.com

Related News