നീറുന്ന 
ഓർമയായി 
ഡോ. റോബിൻസൺ



  വെള്ളറട   തെക്കൻ കുരിശുമല തീർഥാടനം ഇത്തവണ പൂർണതോതിൽ എത്തുമ്പോൾ 37 വർഷത്തിനപ്പുറമുണ്ടായ നടുക്കുന്ന ദുരന്തം കൂടി ഓർമിക്കുകയാണ്‌ നാട്‌. മലകയറാനെത്തിയ യുവഡോക്ടറെ ഒരുസംഘം ആർഎസ്‌എസ്‌ പ്രവർത്തകർ മർദിച്ചു കൊലപ്പെടുത്തിയതിന്റെ ഓർമയാണ്‌ വേദനയായവശേഷിക്കുന്നത്‌. 1980 കാലത്ത്‌ കുരിശുമലയിലും പരിസര പ്രദേശങ്ങളിലും തമിഴ്നാട്ടിലും സമീപത്തുമുള്ള ആർഎസ്എസുകാർ അക്രമവാഴ്ച നടത്തിയിരുന്നു.  കുരിശുമലയെ തീർഥാടന കേന്ദ്രമാക്കുന്നതുസംബന്ധിച്ച്‌ കേരളവും തമിഴ്നാടും തർക്കം നിലനിന്നിരുന്നു. ഈ ഘട്ടത്തിൽ ആർഎസ്എസ് പ്രദേശത്ത് ഭീതി വിതച്ച് തീർഥാടകരെ വിരട്ടി ഓടിക്കുക പതിവായിരുന്നു. ഇതിന്റെയൊക്കെ ബാക്കിപത്രമായിരുന്നു യുവഡോക്ടറുടെ ദാരുണമരണവും. 1986 ജനുവരി 7നാണ്‌ ഡോ. റോബിൻസണിന്‌ ജീവൻ നഷ്ടമായത്‌. ആറയൂർ സ്വദേശിയായ ഡോ. റോബിൻസനും സുഹൃത്തുക്കളും കുരിശുമലയിലേക്ക്‌ പ്രയാണം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആർഎസ്എസുകാർ വെട്ടിയും കുത്തിയും മർദിച്ചും റോബിൻസണെ മാരകമായി പരിക്കേൽപ്പിച്ചു.  തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേന്ന്‌ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ ക്ലീറ്റസിന് ഗുരുതരമായി പരിക്കേറ്റു. പ്രതികളെല്ലാം തമിഴ്നാട് പ്രദേശത്തുള്ളവരായിരുന്നു. കേസ് പ്രത്യേകിച്ച് ഒരു ചലനവുമുണ്ടാക്കാതെ കടന്നുപോയി. പ്രതികളിൽ പലരും  നിരവധി കേസുകളിൽപെട്ടവരുമായിരുന്നു. വർഗീയലഹള ഉദേശിച്ച് ആർഎസ്എസ് നടത്തിയ കൊലപാതകം ബാക്കിയുള്ളവർ സംയമനം പാലിച്ചതിനാൽ കൂടുതൽ ദുരന്തമായില്ല.  Read on deshabhimani.com

Related News