സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്‌തി; കുടുംബം പെരുവഴിയിൽ



കാട്ടാക്കട സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ജപ്തി നടപടിയെത്തുടർന്ന്‌ കുടുംബം പെരുവഴിയിൽ. കാട്ടാക്കട പേഴുംമൂട് തട്ടാംകോണം ബിസ്‌മി മൻസിലിൽ സീന‌യ്‌ക്കും കുടുംബത്തിനുമാണ്‌ ദുരനുഭവമുണ്ടായത്‌. ഭർത്താവ് നസീർ, മരുമകൻ ബൈജു എന്നിവരുടെ ചികിത്സാർഥം ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് ബാങ്ക് അധികൃതർ പൂട്ട് പൊളിച്ച്‌ വീട് സീൽ ചെയ്‌തതായി കണ്ടത്‌.  ഇതോടെ സീനയ്‌ക്കും ഒന്നേ കാലും, മൂന്നും, ആറും വയസ്സുള്ള ഇവരുടെ കൊച്ചുമക്കൾക്കും വീടിനുള്ളിൽ കടക്കാനായില്ല. പണമിടപാട് സ്ഥാപനം വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി "അതിക്രമിച്ചു കയറിയാൽ കുറ്റകരം' എന്ന ബാനർ സ്ഥാപിച്ചു. വൈദ്യുതി മീറ്റർ ബോർഡ് പൊളിച്ച് ഫ്യുസ് ഊരി. ഇതോടെ അകത്തു കയറി വസ്‌ത്രങ്ങൾ എടുക്കാനോ കുട്ടികൾക്ക് ഭക്ഷണം നൽകാനോ കഴിഞ്ഞില്ല.  മൂന്നുവർഷം മുൻപ് ശാസ്‌തമംഗലത്തെ ചോളമണ്ഡൽ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന്‌ 17,60,000 രൂപ 20 വർഷ കാലാവധിയിൽ ഭവന വായ്‌പയായി എടുത്തിരുന്നു. മാസം 22,000 രൂപയായിരുന്നു അടവ്.  ഇടയ്‌ക്ക്‌  കുടിശ്ശിക വരികയും ബാങ്ക് നോട്ടീസ് നൽകുകയും ചെയ്‌തു. ഈ കുടിശ്ശികയിൽ 20,000രൂപ ഒഴികെയുള്ള തുക കുടുംബം അടച്ചിരുന്നു.  ഇനി 20,000ന്റെ ബാക്കിയും രണ്ട്‌ മാസത്തെ തവണയും കൂടിയാണ് അടയ്‌ക്കാനുള്ളതെന്ന്‌ സീന പറയുന്നു. കുടിശ്ശികയും പലിശയും മറ്റിന ചെലവും ഉൾപ്പെടെ  രണ്ടര ലക്ഷത്തിലധികം അടയ്‌ക്കണമെന്ന് കാണിച്ചാണ് ബാങ്ക് നടപടി.  ബാങ്ക് നോട്ടീസ് വീട്ടിൽ പതിച്ചിരുന്നു. പണം അടയ്‌ക്കാൻ സാവകാശം നൽകണമെന്നും പലതവണ ബാങ്ക് അധികൃതരെ കണ്ടു പറഞ്ഞതായും വീട്ടിലെ രണ്ടുപേരുടെ ചികിത്സാ വിവരങ്ങൾ അറിയിച്ചുവെന്നും അവർ പറഞ്ഞു.  നാലര സെന്റ്‌ പുരയിടത്തിലെ 1300 ചതുരശ്ര അടി ഇരുനില വീടിന്‌ നാൽപ്പത്തിയഞ്ച്‌ ലക്ഷം മൂല്യമുണ്ട്‌. അതിനിടെയാണ്‌ രണ്ടര ലക്ഷത്തിന് വേണ്ടി 17 വർഷത്തോളം ഇനിയും കാലാവധി ബാക്കി നിൽക്കെ ബാങ്കിന്റെ നടപടി.   Read on deshabhimani.com

Related News