കാറിൽ കടത്തുന്നതിനിടെ 3000 കിലോ അരി പിടികൂടി



സ്വന്തം ലേഖകൻ പാറശാല  അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൂവായിരം കിലോ വരുന്ന അരി പൊഴിയൂർ പൊലീസ് പിടികൂടി. ഞായർ പുലർച്ചെ അയിരയ്‌ക്ക് സമീപം വടുവൂർക്കോണം ജങ്‌ഷനടുത്താണ് സംഭവം. പൊലീസ് പട്രോളിങ്ങിനിടെയാണ്‌ പിടികൂടിയത്‌. കെ എൽ 07 ബിഎം 8108 എന്ന നമ്പറിലുള്ള ഇൻഡിഗോ കാറിലാണ്‌ സംഘമെത്തിയത്‌.  പൊലീസിനെ കണ്ട്‌ കാർ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡിക്കിയിൽ 61 ചെറിയ ചാക്കുകളിലായി അരി കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന റേഷനരിയാണിതെന്നാണ്‌ കരുതുന്നത്‌. വാഹനവും അരിയും സ്റ്റേഷനിലേക്ക് മാറ്റി. സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചു. അതിർത്തി കേന്ദ്രീകരിച്ച് നിരവധി അനധികൃത സ്വകാര്യ അരി ഗോഡൗണുകളുണ്ട്‌. തമിഴ്നാട്ടിൽനിന്ന്‌ രാത്രി ലോറിയിലും കാറുകളിലുമായി കടത്തിക്കൊണ്ടു വരുന്ന റേഷനരി പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി മാറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കയറ്റി അയക്കുന്ന സംഘങ്ങളുണ്ട്‌. ഇത്തരത്തിലുള്ള വൻ ലോബികളാണ് അതിർത്തികേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഒരു സംഘം കടത്തിക്കൊണ്ടു വരുന്ന അരി മറ്റൊരു സംഘം ഗുണ്ടായിസത്തിലൂടെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്.  Read on deshabhimani.com

Related News