കനകക്കുന്നിൽ രുചി മേളം

വഴിയോര കച്ചവട മേളയിലെ ഫുഡ് കോർട്ടിൽ വിഭവങ്ങൾ 
തയ്യാറാക്കുന്ന സംരംഭക


തിരുവനന്തപുരം നാവിൽ രുചിയുടെ മേളം തീർക്കുന്ന കൈപ്പുണ്യവുമായ്‌ ഒരു സംഘമുണ്ട്‌ കനകക്കുന്നിൽ. വഴിയോര കച്ചവട മേളയിലാണ്‌ സ്വാദൂറും വിഭവങ്ങളുമായി ഇവർ സന്ദർശകരെ കീഴടക്കുന്നത്‌. മേളയുടെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്‌ ഈ ഫുഡ്‌ കോർട്ടുകൾ. ഒരുതവണ വാങ്ങി കഴിച്ചാൽ വീണ്ടും വാങ്ങും. അങ്ങ്‌ മലപ്പുറത്തുനിന്നുവരെ ടീംസുണ്ട്‌. മലപ്പുറത്തുനിന്ന്‌ എത്തിയിരിക്കുന്ന അഷ്‌ഫാഖിന്റെതും അനിയൻ സാഹിലിന്റെതും സ്‌പെഷ്യൽ പായസമാണ്‌. ഒന്നും രണ്ടുമല്ല 40 തരത്തിലുള്ള പായസം. വെറൈറ്റിയായ റോസ പൂവ്‌, ചക്ക പായസം തുടങ്ങിയ ചില ഇനങ്ങൾമാത്രമാണ്‌ ഇവിടെ തയ്യാറാക്കുന്നത്‌. അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോഴും അഷ്‌ഫാഖ്‌ തലസ്ഥാനത്ത്‌ ഈ പായസം ഒരുക്കാൻ എത്താറുണ്ട്‌. മലബാറിന്റെ വിഭവങ്ങളായ ചട്ടിപ്പത്തിരി, ഉന്നക്ക ചിക്കൻ പോള തുടങ്ങിയ വ്യത്യസ്‌തമായ പലഹാരങ്ങളാണ്‌ ഭക്ഷണപ്രിയരെ ഫുഡ്‌ കോർട്ടിൽ എത്തിയാൽ ആദ്യം വരവേൽക്കുക. കടൽവിഭവങ്ങൾ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതുമുണ്ട്‌. പൊരിച്ച മത്തിയും അയലയും. മേള ഞായറാഴ്ച സമാപിക്കും. ഇതാദ്യം, 
ഇത്‌ കൊള്ളാം വഴിയോര കച്ചവട മേള സംഘടിപ്പിച്ച കോർപറേഷൻ ഭരണ സമിതിയെ അഭിനന്ദിച്ച്‌ കച്ചവടക്കാർ. ആദ്യമായിട്ടാണ്‌ തെരുവ്‌ കച്ചവടക്കാർക്കായി ഇത്തരമൊരു മേള സംഘടിപ്പിച്ചത്‌ കാണുന്നതെന്ന്‌ മലപ്പുറത്ത്‌ നിന്നെത്തെിയ അഷ്‌ഫാഖ്‌ പറഞ്ഞു. വഴിയോര കച്ചവടക്കാർക്ക്‌ വലിയ അവസരമാണ്‌ കോർപറേഷൻ നൽകിയതെന്ന്‌ കടൽ വിഭവങ്ങളുമായെത്തിയ ജസീം.  ഉമ്മ റെജീനയുടെ നേതൃത്വത്തിലാണ്‌ വിഭവങ്ങൾ തയ്യാറാക്കുന്നത്‌.  കോർപറേഷൻ വലിയ പിന്തുണയാണ്‌ മേളയിലൂടെ നൽകുന്നതെന്ന്‌ വ്യത്യസ്‌തമായ പുട്ടും ബിരിയാണിയുമായെത്തിയ ഷിഫ ഫാത്തിമയും പറഞ്ഞു. Read on deshabhimani.com

Related News