കെ എസ് ആനന്ദൻ കാറിടിച്ച് മരിച്ചു



കോവളം നെയ്യാറ്റിൻകര താലൂക്കിലെ മുതിർന്ന സിപിഐ എം നേതാവ് പൂവാർ അരുമാനൂർ ഭാരതി സദനത്തിൽ കെ എസ് ആനന്ദൻ (89) കാറിടിച്ചു മരിച്ചു. വ്യാഴാഴ്ച അരുമാനൂർ എം വി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുകൂടി നടന്നുപോകുമ്പോൾ നിയന്ത്രണംതെറ്റിയ കാർ വന്നിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി പത്തോടെ മരിച്ചു. നെയ്യാറ്റിൻകര താലൂക്കിലെ സിപിഐ എം സ്ഥാപക നേതാക്കളിൽ ഒരാളും പൂവാർ പഞ്ചാത്ത് മുൻ പ്രസിഡന്റുമായിരുന്നു. മിച്ചഭൂമി സമരം, പട്ടിണി സമരം തുടങ്ങിയ അവകാശ പോരാട്ടങ്ങളിലും ഭാഗമായിരുന്നു. കാട്ടായിക്കോണം വി ശ്രീധർ, പള്ളിച്ചൽ സദാശിവൻ, അവണാകുഴി സദാശിവൻ, പേരൂർക്കട സദാശിവൻ, എം സത്യനേശൻ തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്‌. അരുമാനൂർ എം വി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം, എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ ജോയിന്റ്‌ സെക്രട്ടറി, സിപിഐ എം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗം, പൂവാർ ലോക്കൽ സെക്രട്ടറി, കർഷകസംഘം ഏരിയ പ്രസിഡന്റ്‌ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്‌. ഭാര്യ: പരേതയായ വിജയാനന്ദ ഭാരതി (റിട്ട. അധ്യാപിക). മക്കൾ: ഗീതാനന്ദ ഭാരതി (റിട്ട. ജെപിഎച്ച്എൻ, ആരോഗ്യ വകുപ്പ്), ശാന്തി വിജയ ഭാരതി (ഐസിഡിഎസ് സൂപ്പർവൈസർ). മരുമക്കൾ: സജീവ് കുമാർ പി ആർ (റിട്ട. എച്ച്എം), രവീന്ദ്രൻനായർ എസ് (റിട്ട. കെഎസ്ആർടിസി).  Read on deshabhimani.com

Related News