നിയമവിരുദ്ധമായി ഹൈമാസ്റ്റ് ലൈറ്റ് 
മാറ്റിസ്ഥാപിച്ച്‌ എംപി



നെടുമങ്ങാട് എംഎൽഎ ഫണ്ടുപയോഗിച്ച്‌ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്ന സ്ഥലത്ത്‌ എംപി ഫണ്ടുപയോഗിച്ചുള്ള ഹൈമാസ്റ്റ്  ലൈറ്റ്  സ്ഥാപിച്ചത് വിവാദമാകുന്നു. മറ്റൊരു പഞ്ചായത്തിൽ സ്ഥാപിച്ച ലൈറ്റ്‌  എതിർപ്പുയർന്നതോടെ രാത്രിയുടെ മറവിൽ  പനവൂർ പഞ്ചായത്തിലെ കൊച്ചാട്ടുകാലിൽ സ്ഥാപിക്കുകയായിരുന്നു.  അടൂർ പ്രകാശ് എംപിയുടെ ഫണ്ടുവഴി അനുവദിച്ച ലൈറ്റാണ്‌ അനധികൃതമായി കൊച്ചാട്ടുകാലിൽ സ്ഥാപിച്ചത്‌. കൊച്ചാട്ടുകാൽ ഉൾപ്പെടെ നാലിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ഡി കെ മുരളി എംഎൽഎ ഫണ്ട് അനുവദിച്ചിരുന്നു. ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്ന ഘട്ടത്തിലാണ്  എം പി ഫണ്ടിലൂടെ അനുവദിച്ച  ലൈറ്റ് കൊച്ചാട്ടുകാലിൽ സ്ഥാപിച്ചത്.  പഞ്ചായത്തിന്റെ അനുമതി വാങ്ങുകയോ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയോ ചെയ്തിട്ടില്ല.  ഒറ്റരാത്രികൊണ്ട് ലൈറ്റ് സ്ഥാപിച്ച് ബന്ധപ്പെട്ടവർ മുങ്ങുകയായിരുന്നു. എംഎൽഎ ഫണ്ടുപയോഗിച്ചുള്ള ലൈറ്റാണ് സ്ഥാപിക്കുന്നത് എന്നാണ് പ്രദേശവാസികൾ കരുതിയത്.   ക്രമവിരുദ്ധമായി ആനാട്‌ പഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന ലൈറ്റാണ്  കൊച്ചാട്ടുകാലിൽ കൊണ്ടുവന്നത്‌. എസ്എൻ പുരത്തും ആട്ടുകാലും എം പി ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പഞ്ചായത്ത് നേരത്തെ അനുവാദം നൽകിയിരുന്നു. അതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. നിയമവിരുദ്ധമായി ലൈറ്റ്‌ സ്ഥാപിച്ചതിനെതിരേ  നിയമനടപടി സ്വീകരിക്കുമെന്ന്‌ പനവൂർ  പഞ്ചായത്ത്‌ പ്രസിഡന്റ് എസ് മിനി അറിയിച്ചു. Read on deshabhimani.com

Related News