ജില്ലാ നേതൃത്വത്തിനെതിരെ അണികൾ



തിരുവനന്തപുരം  തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന്‌ തലസ്ഥാന ജില്ലയിലെ ബിജെപിയിൽ രൂക്ഷമായ കലഹം പൊട്ടിത്തെറിയിലേക്ക്‌. പലയിടത്തും മണ്ഡലം കമ്മിറ്റികളും ഭാരവാഹികളും നിലവിലില്ലാത്ത സ്ഥിതിയിലാണ്‌ ബിജെപി. തമ്മിലടി രൂക്ഷമായ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പാറശാല, വർക്കല മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു.  വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ പ്രവർത്തകർ നേതൃമാറ്റത്തിനായി പരാതി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർടിക്കുള്ളിൽ കടുത്ത വിഭാഗീയ നേതൃത്വത്തിനെതിരായ കടന്നാക്രമണമായി മാറുകയാണ്‌. ജില്ലയിൽ പല മേഖലയിലും നേതാക്കളും നൂറുകണക്കിന്‌ പ്രവർത്തകരും സംഘപരിവാർ ബന്ധം ഉപേക്ഷിച്ചത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന്‌ കീഴ്‌കമ്മിറ്റികൾ വിമർശനമുയർത്തിയിരുന്നു.  എന്നാൽ വിമർശനമുന്നയിക്കുന്നവരെ ഒതുക്കുകയും പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ജില്ലാ‐സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിൽ പല കമ്മിറ്റികളും നിരാശയിലാണ്‌. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ നേതൃത്വം നടപടിയെടുക്കുന്നില്ലെന്നാണ്‌ പരാതി. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിയിട്ടും പരിഹാരമില്ല.  തിരുവനന്തപുരം കോർപറേഷനിൽ 62 സീറ്റുനേടുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഉൾപ്പെടെ ആണയിട്ട്‌ പ്രഖ്യാപിച്ചിട്ടും ഒരിഞ്ച്‌ മുന്നേറാൻ ബിജെപിക്ക്‌ കഴിഞ്ഞില്ല. കോൺഗ്രസിന്റെ സീറ്റുകൾ പകുതിയായി കുറഞ്ഞിട്ടും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനാകാത്തത്‌ വലിയ തിരിച്ചടിയെന്നാണ്‌ വിമർശനം‌. 11 സിറ്റിങ് വാർഡുകൾ നഷ്ടമായത്‌ സീറ്റുനിർണയത്തിലെ പാളിച്ച കാരണമാണെന്നും അണികൾ പറയുന്നു. പലതും ജില്ലാനേതൃത്വത്തിന്റെ പേയ്‌മെന്റ്‌ സീറ്റാണെന്ന വിമർശനം ശക്തമാണ്‌.  തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. ആറ്റുകാൽ ഉൾപ്പെടെയുള്ള വാർഡുകളിൽ എൽഡിഎഫ്‌ വിജയിച്ചത്‌ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. ഇതിനു പിന്നാലെയാണ്‌ മണ്ഡലം നേതൃത്വത്തിനെതിരെ പ്രവർത്തകർ പരാതി നൽകിയത്‌. എന്നാൽ ജില്ലാതലത്തിലെ ഗ്രൂപ്പ്‌ താൽപ്പര്യങ്ങളുടെ ഭാഗമായാണ്‌ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതെന്ന്‌ ഒരു വിഭാഗം ആരോപിക്കുന്നു. Read on deshabhimani.com

Related News