ടിക്കറ്റ്, ടിക്കറ്റ്... സോറി മെനു പ്ലീസ്...



തിരുവനന്തപുരം  മനസ്സ് മടുത്തിരിക്കുമ്പോൾ വഴിയരികിലെ ഈ ആനവണ്ടിയിലേക്ക് കയറാം. സം​ഗതി കട്ടപ്പുറത്താണെങ്കിലും അടിപൊളി സർവീസ് കിട്ടും. ടിക്കറ്റുവേണ്ടാത്ത ഈ ബസിൽ ഒരു ചായ ഊതിക്കുടിച്ച് എത്ര ദൂരം വേണമെങ്കിലും മനസ്സുകൊണ്ട് പോയിവരാം.  കട്ടപ്പുറത്തായ ആനവണ്ടികൾ  പിങ്ക് കഫേ, കഫേ കുടുംബശ്രീ എന്നിങ്ങനെ അടിപൊളി ചായക്കടയായി മാറുകയാണ് വഴിയോരത്ത്. ജില്ലാ കുടുംബശ്രീ മിഷനും കെഎസ്‌ആർടിസിയും ചേർന്നാണ് ഈ കൗതുകസംരംഭം തുടങ്ങുന്നത്. അവസാനവട്ട മിനുക്ക്‌ പണിയിലുള്ള ഇവ രണ്ടാഴ്ചയ്ക്കകം പ്രവർത്തനമാരംഭിക്കും‌.    ഓടാത്ത രണ്ട്‌  ബസാണ്‌ കിഴക്കേകോട്ട, തമ്പാനൂർ എന്നിവിടങ്ങളിലായി ഭക്ഷണശാലയാകുക‌. 10 പേർക്ക്‌ ഒരേ സമയം ഇരുന്ന്‌ കഴിക്കാവുന്ന വിധമാണ്‌ സീറ്റ്‌ ക്രമീകരണം. ഒരു ബസിന്‌ ആറ്‌ ലക്ഷംരൂപയാണ്‌ മുതൽമുടക്ക്‌. ഒരു ബസിന്‌ ഒരു ലക്ഷം രൂപ കുടുംബശ്രീ നൽകി. കൂടാതെ ഒരു ലക്ഷം നിക്ഷേപമായും നൽകും. മൂന്ന്‌ വർഷത്തേക്ക്‌ മാസം 20,000 രൂപ കെഎസ്‌ആർടിസിക്ക്‌ നൽകും.  അഞ്ച്‌ പേരടങ്ങുന്ന രണ്ട്‌ യുവശ്രീ സംഘത്തിനാണ്‌ റസ്‌റ്റോറന്റുകളുടെ ചുമതല. മൂന്ന്‌ സ്ത്രീകളും രണ്ട്‌ പുരുഷന്മാരുമടങ്ങുന്ന, ജില്ലാ കുടുംബശ്രീ മിഷനിൽ അഫിലിയേറ്റ്‌ ചെയ്ത സംഘമാണ്‌ യുവശ്രീ. ശുഭയുടെ നേതൃത്വത്തിലുള്ള സംഘം കിഴക്കേകോട്ടയിലും  അശ്വതിയുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂരിലും റസ്‌റ്റോറന്റിന്റെ ചുമതല വഹിക്കും. 10 പേർക്ക്‌ വീതം തൊഴിൽ നൽകാനുമാകും. ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളും സസ്യാഹാരവും മാംസാഹാരവുമടങ്ങുന്ന  ഊണും മറ്റെല്ലാ പ്രധാനവിഭവങ്ങളും ലഭിക്കും. പാർസലുമുണ്ടാകും.  Read on deshabhimani.com

Related News