സ്വർണക്കടത്തിലെ ‘പിടികിട്ടാപ്പുള്ളി’യെ പൊക്കാൻ സിബിഐ



തിരുവനന്തപുരം  വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ സ്വർണക്കടത്ത്‌ കേസിലെ പിടികിട്ടാപ്പുള്ളിയെ ‘പൊക്കാൻ’ സിബിഐ. ഇയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സംഘം ശേഖരിച്ചു. ബാലഭാസ്‌കറിന്റ വാഹനം അപകടത്തിൽപ്പെട്ട ദിവസം ഇയാളുടെ മൊബൈൽ ലൊക്കേഷൻ എവിടെയായിരുന്നെന്ന്‌ ഉറപ്പിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. കേരളം വിട്ടുപോയിട്ടില്ലെന്നാണ്‌ സിബിഐയുടെ നിഗമനം.   തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ഡിആർഐ തെരയുന്ന പ്രതിയാണിയാൾ. ബാലഭാസ്‌റിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതികളിൽ ഒരാളെ കണ്ടതായി കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.    തുടർന്ന്‌ ഡിആർഐ കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ സോബിയെ കാണിച്ചു. ഒരു ചിത്രം സംഭവസ്ഥലത്ത്‌ കണ്ട വ്യക്തിയുമായി ഏറെ സാമ്യമുള്ളതാണെന്ന്‌ സോബി വ്യക്തമാക്കി. തുടർന്നാണ്‌ ഇയാളെ കേന്ദ്രീകരിച്ച്‌ സിബിഐ അന്വേഷണം ആരംഭിച്ചത്‌.  ഇയാളുടെ രഹസ്യ സങ്കേതങ്ങളെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. കേസിൽ നാലുപേരുടെ നുണപരിശോധനാ ഫലം ഉടൻ ലഭിക്കും. വരും ദിവസങ്ങളിൽ ബാലഭാസ്‌കറിന്റെ ബാൻഡംഗങ്ങളെ ഉൾപ്പെടെ സിബിഐ ചോദ്യംചെയ്യും. Read on deshabhimani.com

Related News