ഒടുവിൽ സുലോചനയമ്മ അനാഥമന്ദിരത്തിൽ



കരുനാഗപ്പള്ളി  ആറുമക്കളുടെ അമ്മയായ സുലോചന ഒടുവിൽ അനാഥമന്ദിരത്തിന്റെ തണലിൽ. പുത്തൻതെരുവിൽ പുന്നക്കുളം വാർഡിൽ പരേതനായ ഹംസയുടെ വാടകവീട്ടിൽ താമസിക്കുന്ന സുലോചനയമ്മയ്‌ക്കാണ്‌  മാതൃജ്യോതി അഗതിമന്ദിരം തണലായത്‌.  തിരുവനന്തപുരം വർക്കല സ്വദേശിയായ സുലോചനയമ്മയും ഭർത്താവ്‌ കടയ്ക്കാവൂർ സ്വദേശിയായ സുരേഷ്ബാബുവും നാലു പെൺമക്കളെയും രണ്ട്‌ ആൺമക്കളെയും‌ വിട്ട്‌ വാടകവീട്ടിൽ കഴിയുകയായിരുന്നു.  സുരേഷ്‌ബാബുവിന്‌ കോവിഡ്‌ ബാധിച്ചൃതോടെ സുലോചനയമ്മ ഒറ്റപ്പെട്ടു. പല സ്ഥലങ്ങളിലും കഴിഞ്ഞ ശേഷമാണ്‌ സുലോചനയും സുരേഷ്‌ബാബുവും പുന്നക്കുളത്തെത്തിയത്‌. കുറഞ്ഞ വാടകയിൽ വീട് നൽകിയെങ്കിലും പിന്നീട് അതും നൽകാൻ നിർവാഹം ഇല്ലാതായതോടെ വീട്ടുടമയും അയൽക്കാരും സഹായം നൽകി. നടക്കാൻ പ്രയാസമുണ്ടായിരുന്ന സുലോചനയമ്മയ്ക്ക് സ്നേഹസേന പ്രവർത്തകർ വീൽചെയർ നൽകിയിരുന്നു.     ഒരാഴ്ച മുമ്പ് സുരേഷ്ബാബുവിന് ഹൃദയ പ്രശ്നങ്ങളുണ്ടായി. അയൽവീട്ടിലെ അനസും അമീറും ചേർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും കൊണ്ടുപോയി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോവിഡ് ലക്ഷണത്തെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ്‌ ഒറ്റയ്‌ക്ക്‌ കഴിയാനാകാത്ത സുലോചനയമ്മയെ കെആർഡിഎയുടെ നേതൃത്വത്തിലുള്ള സ്നേഹസേനയും ജനമൈത്രി പൊലീസും ചേർന്ന് ചൂനാട് മാതൃജ്യോതി അഗതിമന്ദിരത്തിലെത്തിച്ചത്‌. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായശേഷം സുരേഷ് ബാബുവിനെയും അഗതിമന്ദിരത്തിലേക്ക് മാറ്റും.  Read on deshabhimani.com

Related News