പൂവണിഞ്ഞു, സ്വപ്‌ന‘ദിവ്യാലയം’

ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ആർ അജിക്കും ഭാര്യ വിദ്യക്കും 
മന്ത്രി എം വി ഗോവിന്ദൻ കൈമാറുന്നു


  തിരുവനന്തപുരം ഓലക്കീറിലൂടെ ഇറ്റിറ്റ്‌ വീഴുന്ന മഴത്തുള്ളികൾക്കിടയിൽ അന്തിയുറങ്ങിയിരുന്ന വിദ്യക്ക്‌ ഇത്‌ സ്വപ്‌നസാഫല്യം. തലമുറകളായി മനസ്സിൽ താലോലിച്ചിരുന്ന അടച്ചുറപ്പുള്ളൊരു വീട്‌ കൺമുന്നിൽ യാഥാർഥ്യമായിരിക്കുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ വെടിവച്ചാൻകോവിൽ ചൂണ്ടവിള മൈക്കല്ലിയൂരിൽ ‘ദിവ്യാലയം’ ഇനി വിദ്യയുടെയും കുടുംബത്തിന്റെയും വിലാസമാകും. കനാലരികിലെ പുറമ്പോക്കിൽനിന്നാണ്‌ ഈ കുടുംബം ‘ലൈഫി’ൽ പുതിയ ജീവിതം ആരംഭിക്കുന്നത്‌.   സർക്കാരിന്റെ നൂറുദിന പരിപാടിയിൽ 10,000 വീട്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടത്‌. എന്നാൽ, 12,067 എണ്ണത്തിന്റെ താക്കോലാണ്‌ ശനിയാഴ്‌ച കൈമാറിയത്‌. വിദ്യയെപ്പോലെ സമാന സാഹചര്യങ്ങളിലുള്ളവർക്കാണ്‌ വീട്‌ ലഭിച്ചത്‌.  സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചതിനു പിന്നാലെ വിദ്യയ്‌ക്ക്‌ താക്കോൽ കൈമാറാൻ മന്ത്രി എം വി ഗോവിന്ദൻ നേരിട്ടെത്തി. മന്ത്രിയുടെ സാന്നിധ്യത്തിൽ ഭർത്താവ്‌ അജിക്കും മക്കളായ അനന്തലക്ഷ്‌മി, അഭിരാമി എന്നിവർക്കും മറ്റ്‌ കുടുംബാംഗങ്ങൾക്കുമൊപ്പം സ്വപ്‌നഗൃഹത്തിലേക്ക്‌ പ്രവേശിച്ചു. ലൈഫ്‌ മിഷൻ സിഇഒ പി ബി നൂഹ്‌, ഐ ബി സതീഷ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌ കുമാർ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News