സൂപ്പറാണ് കോർപറേഷൻ



തിരുവനന്തപുരം ലൈഫ്‌ ഭവന പദ്ധതിയിൽ ‘ഫസ്‌റ്റടിച്ച്‌’ തിരുവനന്തപുരം കോർപറേഷൻ. 4782 വീടുകൾ പൂർത്തീകരിച്ചാണ്‌ കോർപറേഷന്റെ കുതിപ്പ്‌. നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി  യാഥാർഥ്യമാക്കിയത്‌ 684 വീടുകൾ.    മന്ത്രി ആന്റണി രാജു കോർപറേഷൻ പ്രഖ്യാപനം നിർവഹിച്ചപ്പോൾ ഭരണസമിതിക്ക്‌ അഭിമാന നിമിഷമായി. സ്വന്തം വീടെന്ന സ്വപ്‌നം സഫലമായതിന്റെ സന്തോഷ നിറവിലായി ഗുണഭോക്താക്കൾ.എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്ത്‌ പാർപ്പിട വിപ്ലവം നടത്തുകയാണെന്ന്‌ മന്ത്രി പറഞ്ഞു. വാഗ്‌ദാനം നടപ്പാക്കുമെന്ന്‌ തെളിയിച്ച സർക്കാരാണിത്‌. ആര് വിചാരിച്ചാലും ലൈഫ്‌ മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ലൈഫിനായി ഇതുവരെ കോർപറേഷൻ ചെലവഴിച്ചത്‌ 264.65 കോടിയാണ്‌. ഇതിൽ കോർപറേഷൻ വിഹിതം 176 കോടി. സംസ്ഥാന വിഹിതം 22.17 കോടിയും കേന്ദ്രവിഹിതം 66.51 കോടിയുമാണ്‌. ലൈഫ്‌ പദ്ധതിയിൽ കോർപറേഷന്റെ എട്ട്‌ വിശദ പദ്ധതി (ഡിപിആർ) രേഖയ്‌ക്ക്‌ അംഗീകാരം ലഭിച്ചു. 11154 ഗുണഭോക്താക്കളാണുള്ളത്‌. ഒമ്പതാം ഡിപിആറിൽ 1500 ഗുണഭോക്താക്കളെക്കൂടി ഉൾപ്പെടുത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.  ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക്‌ ആനുകൂല്യം നൽകിയതിനും സമയബന്ധിതമായി കൂടുതൽ വീടുകൾ പൂർത്തീകരിച്ചതിനുമുള്ള സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ മിഷൻ പുരസ്‌കാരം കോർപറേഷൻ കഴിഞ്ഞ വർഷം നേടിയിരുന്നു.  മികച്ച രീതിയിൽ വീടുകൾ നിർമിച്ചതിന്‌ പ്രധാനമന്ത്രിയിൽ നിന്ന്‌ അവാർഡ്‌ നേടിയ ഗുണഭോക്താക്കളിൽ ഒരാളും തിരുവനന്തപുരം കോർപറേഷനിലേതാണ്‌. മുടവൻമുകൾ വാർഡിലെ ജി ലക്ഷ്‌മിയാണ്‌ പുരസ്‌കാരത്തിന്‌ അർഹയായത്‌. ഇതിന്‌ പുറമെ അയ്യൻകാളി തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളത്തിൽ ലൈഫ്‌ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ പേർക്ക്‌ തൊഴിൽ ദിനം സൃഷ്ടിച്ചതിനുള്ള റെക്കോഡും കോർപറേഷന്‌ സ്വന്തം. വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്‌റ്റാൻഡിങ്‌ സമിതി അധ്യക്ഷന്മാരായ എസ്‌ സലീം, കെ എസ്‌  റീന, എൽ എസ്‌ ആതിര, ജിഷ, എസ്‌ എം ബഷീർ, കൗൺസിലർ എം ആർ ഗോപൻ, സെക്രട്ടറി ബിനു ഫ്രാൻസിസ്‌, പ്രോജക്ട്‌ ഓഫീസർ അജികുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News