ട്രെയിനിൽ ബിസ്‌കറ്റ്‌ നൽകി മോഷണം; 
ബിഹാർ സ്വദേശി പിടിയിൽ



തിരുവനന്തപുരം ട്രെയിൻ യാത്രക്കാർക്ക്‌ മയക്കുമരുന്ന്‌ കലർത്തിയ ബിസ്‌കറ്റ്‌ നൽകി കവർച്ച നടത്തുന്ന ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ ലബാരൻ സ്വദേശി ശത്രുധൻ കുമാറാ (42)ണ് അറസ്റ്റിലായത്. രപ്തിസാഗർ, കേരള എക്സ്പ്രസ് ട്രെയിനുകളിൽ ലഹരിമരുന്ന് കലർത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന കേസിലാണ്‌ തിരുവനന്തപുരം റെയിൽവേ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ആലപ്പുഴയിലാണ്‌ പിടിയിലായത്‌. സംഭവത്തിനു പിന്നാലെ റെയിൽവേ പൊലീസ്‌ വാട്സാപ്‌ വഴി മോഷ്ടാവിന്റെ സിസിടിവി വഴി ലഭിച്ച ചിത്രം പങ്കുവച്ചു. സംശയം തോന്നി ആലപ്പുഴ റെയിൽവേ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തുനിന്നുള്ള അന്വേഷകസംഘം ആലപ്പുഴയിൽ എത്തി പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സൗഹൃദം സ്ഥാപിച്ച്‌  ബിസ്കറ്റ് നൽകി മയക്കിയശേഷം പണവുമായി കടക്കുന്നതാണ്‌ രീതി. ബിഹാറിലും സമാനമായ കേസ്‌ ഇയാൾക്കെതിരെയുണ്ട്‌.  റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ ആർ എസ് ബിജുകുമാർ, എസ് മിനുമോൾ, നളിനാക്ഷൻ, ജയകുമാർ, സന്തോഷ്, പ്രമോദ്, സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News