പക്ഷാഘാതം തളർത്തില്ല, കൈപിടിക്കാൻ കൂടെയുണ്ട്‌



തിരുവനന്തപുരം  പക്ഷാഘാതം ജീവിതത്തിന്റെ അവസാനമായി കാണേണ്ടതില്ല. പക്ഷാഘാതം വന്നുപോയതിനുശേഷവും ജീവിതം സുഗമമാക്കുന്നതിന്‌ താങ്ങാകാൻ ഇവിടെ ചിലരുണ്ട്‌. പക്ഷാഘാതരോഗികളില്‍ ചികിത്സയ്ക്കുശേഷം ആരോഗ്യകരമായ ജീവിതം നയിക്കാൻ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തയ്യാറാക്കിയ കമ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ അഥവാ സാമൂഹിക ഇടപെടല്‍ ശ്രദ്ധേയമാകുന്നു.  ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റവും മരുന്നുകഴിക്കേണ്ട രീതികളുമെല്ലാം രോഗികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019ലാണ് പദ്ധതി ആരംഭിച്ചത്.  ആ വർഷംതന്നെ തിരുവനന്തപുരത്ത് വിജയമാണെന്ന് കണ്ടെത്തി. കൊല്ലം ജില്ലയിലേക്കുകൂടി വ്യാപിപ്പിക്കാന്‍ 2020ല്‍ ശ്രമമാരംഭിച്ചെങ്കിലും കോവിഡ് തടസ്സമായി. കോവിഡ് തീവ്രത കുറഞ്ഞതോടെ കൊല്ലം ജില്ലയിലും പദ്ധതി നടപ്പാക്കി.  പക്ഷാഘാത ചികിത്സ കഴിഞ്ഞും ശാരീരികവൈകല്യങ്ങളോടെ ശേഷിച്ച ജീവിതം തള്ളിനീക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടൽ. കിടപ്പുരോഗികളില്‍ തൊലിപൊട്ടി വ്രണങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട വിധം, ആഹാരം ഇറക്കാന്‍ കഴിയാത്ത അവസ്ഥയുള്ളവര്‍ക്കു വേണ്ട നടപടികളും ആഹാരനിയന്ത്രണമാര്‍ഗങ്ങളും കൃത്യമായി മരുന്നുകഴിക്കേണ്ട രീതികൾ എന്നിവയാണ്‌ പരിശീലനത്തിലുള്ളത്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയാണ്‌ പദ്ധതി വിജയകരമാക്കിയത്‌.  ആരോഗ്യപ്രവര്‍ത്തകര്‍ വഴി സമൂഹത്തിൽ നിരന്തര ഇടപെടൽ നടത്താമെന്നതിനാലാണ്   രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗം മേധാവി പി എന്‍ ശൈലജ പറഞ്ഞു. കൂടുതല്‍ ജില്ലകളിൽ പദ്ധതി വ്യാപിപ്പിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. Read on deshabhimani.com

Related News