തലസ്ഥാന നഗരി വികസനക്കുതിപ്പിലേക്ക്‌: എം വി ഗോവിന്ദൻ

പുത്തരിക്കണ്ടം മെെതാനിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കുന്ന ജനാവലി


  തിരുവനന്തപുരം  തലസ്ഥാന നഗരിയിൽ അഭൂതപൂർവമായ വികസന പ്രവർത്തനങ്ങളാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാസ്കറ്റ്‌ ഹോട്ടലിൽ വിവിധ മേഖലയിൽ നിന്നുള്ളവരുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു അദ്ദേഹം.    വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നതോടെ ജില്ലയുടെ മറ്റ്‌ ഭാഗങ്ങളിലടക്കം വൻ വികസനമാണുണ്ടാവുക. വിശാലസൗകര്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായാൽ വിദേശ തുറമുഖങ്ങൾക്ക്‌ പോലും അത്‌ വെല്ലുവിളിയാകും. ഇതിന്‌ തടയിടാനുള്ള ശ്രമങ്ങളാണ്‌ പല തരത്തിൽ നടക്കുന്നത്‌.  കേന്ദ്രം കേരളത്തോടുള്ള അവഗണന തുടരുകയാണ്‌. ഒമ്പത്‌ സംസ്ഥാനത്തിന്‌ സിൽവർലൈൻ അനുവദിച്ചപ്പോഴും കേരളത്തിന്‌ അനുമതി നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. 40,000 കോടി രൂപയുടെ കുറവാണ്‌ കേന്ദ്രവിഹിതത്തിൽ കേരളത്തിനുണ്ടായിരിക്കുന്നത്‌. മാർച്ച്‌ കഴിഞ്ഞുകിട്ടുന്നതോടെ ഈ പ്രതിസന്ധി മറികടക്കാനും കേരളം പഠിക്കും. വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച്‌ അതുവഴി കേരളത്തിന്റെ സമ്പദ്‌ഘടന സുസ്ഥിരമാക്കാനാണ്‌ സിപിഐ എമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്‌.  വർഗീയത പ്രതിരോധിക്കാൻ കൂട്ടായ്‌മ വേണമെന്ന ആവശ്യം ജാഥ കടന്നുപോയ ഇടങ്ങളിലെല്ലാം ഉയർന്നു. അതിനാവശ്യമായ നടപടികളുണ്ടാകും. മാലിന്യസംസ്കരണമാണ്‌ മറ്റൊരു പ്രശ്‌നമായി  ചൂണ്ടിക്കാട്ടിയത്‌. അക്കാര്യത്തിലും നിലപാടെടുക്കും. ജാഥയിൽ ലഭിച്ച നിർദേശങ്ങളും പരാതികളും ഗൗരവമായാണ്‌ കാണുന്നത്‌. സർക്കാർ തീരുമാനമെടുക്കേണ്ട കാര്യങ്ങൾ കൈമാറും. നയപരമായ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ പാർടി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാഥാ മാനേജർ പി കെ ബിജു, അംഗങ്ങളായ എം സ്വരാജ്‌, സി എസ്‌ സുജാത, കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ടി എൻ സീമ, എ എ റഹീം, എം വിജയകുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News