മീൻമൂട് പഴയപാലം ഇനി ഓർമ



  വെഞ്ഞാറമൂട് 77 വർഷം പഴക്കമുള്ള മീൻമൂട് പാലം ഇനി ഓർമ. പുതിയ വലിയ പാലം പണിയുന്നതിനാണ്  പാലം പൊളിച്ചത്. ബുധനാഴ്ച രാവിലെയാണ്‌  റോക്ക് ബ്രേക്കർ യന്ത്രംകൊണ്ട് പാലം പൊളിച്ചത്. 20 മിനിറ്റിലാണ്‌  സഞ്ചാരപാത നിലം പൊത്തിയത്. 1943-ൽ പിഡബ്ല്യുഡി ചീഫ് എൻജിനിയർ ചാക്കോയാണ് പാലം അന്ന് നാടിനായി തുറന്നു കൊടുത്തതെന്ന് ശിലാഫലകത്തിൽ പറഞ്ഞിട്ടുണ്ട്. മുമ്പ് ആര്യശാലയിൽനിന്ന് വള്ളിയറുപ്പൻകാട് വരെ ഈ പാലംവഴി സ്വകാര്യ ബസ് ഓടിയിരുന്നതായി  പ്രദേശത്തെ പഴമക്കാർ പറയുന്നു. കാലപ്പഴക്കംകൊണ്ട് ബലക്ഷയം വന്നതോടെയാണ് നാട്ടുകാർ പുതിയ പാലം വേണമെന്ന ആവശ്യം ഉയർത്തിയത്. തുടർന്ന്, ഡി കെ മുരളി എംഎൽഎയുടെ ഇടപ്പെടലിന്റെ ഭാഗമായാണ് പാലത്തിനായി 5.70 കോടി അനുവദിച്ചത്. 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലുമാണ് പുതിയ പാലം. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും പണിയും. മറുകര കയറുന്നതിന് തോടിന് കുറുകേ താൽക്കാലിക നടപ്പാലം പണിതു കൊടുത്തിട്ടുണ്ട്‌. പാലം പൊളിച്ചിടുന്നത് കാണാൻ ധാരാളം പേർ എത്തിയിരുന്നു. പത്തു മാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ  പ്രവൃത്തി പൂർത്തിയാക്കുമെന്ന് പാലം വിഭാഗം എ എക്സി സജീവ് പറഞ്ഞു.   Read on deshabhimani.com

Related News