മനംനിറഞ്ഞു; തലചായ്‌ക്കാൻ സ്വന്തം മണ്ണ്‌

പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ സമീപം


തിരുവനന്തപുരം തലചായ്‌ക്കാനുള്ള ഇടം സ്വന്തമായതിന്റെ സന്തോഷത്തിലാണ്‌ കുടപ്പനക്കുന്ന്‌ സ്വദേശി ദാസമ്മ ശാമുവേൽ. കരിക്കകം സ്വദേശി നടരാജനും ഭാര്യ താമരാക്ഷിക്കും ഇതേ ആശ്വാസമാണ്‌. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 866 പേർക്കാണ്‌ പട്ടയം വിതരണം ചെയ്‌തത്‌. വർഷങ്ങളായി പട്ടയത്തിനുവേണ്ടി കാത്തിരുന്ന നിരവധിപേർക്കാണ്‌ സർക്കാർ നടപടി ആശ്വാസമേകിയത്‌.    ജില്ലയിൽ 750 പട്ടയമാണ് നൽകാൻ ലക്ഷ്യമിട്ടിരുന്നത്‌. 866 പേർക്ക് പട്ടയം ഉറപ്പാക്കാൻ സാധിച്ചു. തിരുവനന്തപുരം താലൂക്കിലെ 167 പേർക്കുള്ള പട്ടയവും വിതരണം ചെയ്‌തു. മേള റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സർക്കാർ നടത്തുന്നതെന്ന്‌ മന്ത്രി പറഞ്ഞു.    സ്വന്തമായി തണ്ടപ്പേര് ഇല്ലാത്ത ആളുകളെ കണ്ടെത്താൻ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. രാജ്യത്തുതന്നെ ഏകീകൃത തണ്ടപ്പേർ സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പട്ടയങ്ങൾ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഇ-–-പട്ടയങ്ങൾ നിലവിൽ വരുന്നതോടെ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പട്ടയവുമായി ബന്ധപ്പെട്ട സകല രേഖകളും ഡിജിറ്റൽ ലോക്കർ വഴി ലഭ്യമാകും. ഒരുവർഷക്കാലത്തിനുള്ളിൽ 1100 ലധികം പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കലക്‌ടർ നവ്‌ജ്യോത്‌ ഖോസ, ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ ജാനകി അമ്മാൾ, എഡിഎംഇ മുഹമ്മദ് സഫീർ, സബ്കലക്ടർ മാധവിക്കുട്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News