ജാഗ്രത പുലർത്താം, എലിപ്പനിയെ തുരത്താം



തിരുവനന്തപുരം കോവിഡ്‌ വ്യാപനത്തിനൊപ്പം ജില്ലയിൽ‌ എലിപ്പനികൂടി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എം ഷിനു അറിയിച്ചു.  കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ രോഗസാധ്യത കൂടുതലുള്ളവർ തൊഴിലെടുക്കുമ്പോൾ നിർബന്ധമായും കൈയുറയും കാലുറയും ധരിക്കണം. ശരീരത്തിൽ മുറിവുള്ളപ്പോൾ എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നത്‌ ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലികൾക്ക് സ്ഥിരമായി വസിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കണം. ലക്ഷണങ്ങൾ ശ്രദ്ധിക്കാം   പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ-–-ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറയുകയും കടുത്ത നിറമാകുകയും  ചെയ്യും. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം.  രോഗം ഗുരുതരമായാൽ മരണംവരെ സംഭവിക്കാം. രോഗസാധ്യത കൂടുതലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. Read on deshabhimani.com

Related News