വിജയമോഹിനി മില്ലും വിൽപ്പനയ്‌ക്ക്‌



തിരുവനന്തപുരം ദേശീയ ടെക്‌സ്‌റ്റൈൽ കോർപറേഷന്റെ തിരുവനന്തപുരത്തെ വിജയമോഹിനി മില്ലും വിറ്റുതുലയ്ക്കാൻ നീക്കം. ഇതിനായി വിജയമോഹിനി മില്ലിന്റെ വസ്‌തു അളന്നു തിട്ടപ്പെടുത്താനെത്തിയ കൺസൾട്ടിങ്‌ ഏജൻസിയെ ജീവനക്കാർ തടഞ്ഞു. കോവിഡിന്റെ മറവിൽ അടച്ചുപൂട്ടിയ മിൽ തുറന്നു പ്രവർത്തിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇരുപതു ദിവസത്തിലേറെയായി സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്‌ചിതകാല സത്യഗ്രഹത്തിലാണ്‌.    ബുധനാഴ്‌ച രാവിലെയാണ്‌ വസ്‌തു അളക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കൺസൾട്ടിങ്‌ ഏജൻസിയായ ജെഎൽഎൽ ജീവനക്കാരെത്തിയത്‌. തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ അളക്കാനായില്ല.    പൊതുമേഖലാ സ്ഥാപനമായ വിജയമോഹിനി മില്ലിനെ വിറ്റുതുലയ്ക്കാൻ അനുവദിക്കില്ലെന്ന്‌ സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. ജീവനക്കാർ നടത്തിയ ഉപരോധ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ പ്രഭകുമാർ, സെക്രട്ടറി ഷിബു കുമാർ, സിഐടിയു ചാല ഏരിയ സെക്രട്ടറി എസ്‌ എ സുന്ദർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News