ഇന്ന്‌ സ്‌റ്റീഫൻ ദേവസിയുടെ മൊഴിയെടുക്കും



തിരുവനന്തപുരം വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിന്‌ നാലുപേരുടെ നുണപരിശോധന നടത്താം. കലാഭവൻ സോബി, പ്രകാശ്‌ തമ്പി, വിഷ്‌ണു, അർജുൻ എന്നിവർ നുണ പരിശോധന നടത്താൻ കോടതിക്ക്‌ മുന്നിലും സമ്മതം അറിയിച്ചു. ഈ മാസംതന്നെ കൊച്ചിയില്‍ ഇവരെ പരിശോധനയ്‌ക്ക്‌ വിധേയരാക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ്‌ സിബിഐ ഹർജി പരിഗണിച്ചത്‌. സിബിഐ ആശങ്കപ്പെട്ടത് പോലെ അർജുൻ കോടതിക്ക്‌ മുന്നിൽ വ്യക്തമായ മറുപടി നൽകിയില്ല. കൃത്യമായ ഉത്തരം നൽകാൻ ആവശ്യപ്പെട്ടതോടെയാണ്‌ ഇയാൾ സമ്മതം അറിയിച്ചത്‌.  പരിശോധനയ്‌ക്കുള്ള സാങ്കേതിക സഹായം നൽകണമെന്നാവശ്യപ്പെട്ട്‌ ഫോറൻസിക്‌ സയൻസ്‌  ലബോറട്ടറിക്ക്‌ സിബിഐ കത്ത്‌ നൽകും. ഇവിടെ നിന്നുള്ള വിദഗ്‌ധരുടെ നേതൃത്വത്തിലാകും പരിശോധന. ബാലഭാസ്‌കർ കേസിൽ ഇതാദ്യമായാണ്‌ നുണ പരിശോധന.  ബാലുവിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ്‌ തമ്പി. നികുതി അടയ്‌ക്കുന്നതുൾപ്പെടെ നിർവഹിച്ചിരുന്ന വ്യക്തിയുമാണ്.  അപകടമുണ്ടായ യാത്രയിൽ ബാലഭാസ്‌കറിന്‌ ഒപ്പമുണ്ടായിരുന്നവരിൽ ഒരാളാണ്‌ അർജുൻ.   വ്യാഴാഴ്‌ച സിബിഐ സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസിയുടെ മൊഴി എടുക്കും. തിരുവനന്തപുരം ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.  ബാലുവിനെ ആശുപത്രിയിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരുമിച്ചുള്ള സംഗീത പരിപാടികൾ, യാത്രകൾ എന്നിവയുടെ വിവരങ്ങളും  ശേഖരിക്കും. Read on deshabhimani.com

Related News