കോവിഡ് തളര്‍ത്തിയപ്പോഴും കുടുംബശ്രീ തണലായി; ' ഇല'യുടെ പച്ചപ്പ് എല്ലായിടത്തുമെത്തി

ഇല ഗ്രീൻ സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റിൽ ഷീജ സഹപ്രവർത്തകർക്കൊപ്പം


 തിരുവനന്തപുരം> ടെക്‌നോപാർക്കിലെ ജോലി ഉപേക്ഷിച്ച്‌ പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്‌കിൻ നിർമാണത്തിലേക്ക്‌ കടക്കുമ്പോൾ ഷീജ കോവിഡെന്ന ഭീകരനെ പ്രതീക്ഷിച്ചിരുന്നില്ല. 2020 ഫെബ്രുവരിയിലായിരുന്നു അത്‌. മാർച്ചോടെ അടച്ചുപൂട്ടലുമായി കോവിഡ്‌ വില്ലനെത്തി. എന്നാൽ കുടുംബശ്രീയുടെ പിന്തുണയോടെ ഇപ്പോൾ ലക്ഷ്യത്തിലേക്കടുക്കുകയാണ്‌ ഷീജയും മറ്റ്‌ നാലുപേരും.   ‘ഇല’ ഗ്രീൻ സാനിറ്ററി നാപ്കിനുകളെന്ന പേരിലാണ്‌ കാര്യവട്ടം സ്വദേശി ഷീജ മണ്ണിലലിയുന്ന നാപ്കിനുകൾ നിർമിച്ചുതുടങ്ങിയത്‌. അലർജി, ചൊറിച്ചിൽ, വേദന, ചർമം ഉരഞ്ഞുപൊട്ടൽ എന്നിവയ്ക്കെല്ലാം പരിഹാരമാകാൻ ഈ പാഡിന്‌ കഴിയുമെന്ന്‌ ഷീജ ഉറപ്പുനൽകുന്നു. പാഡുകളിൽ ചർമത്തിന് ദോഷം ചെയ്യുന്ന അസംസ്കൃതവസ്തുക്കൾ ഒന്നുമില്ല. വാണിജ്യ വകുപ്പിന്റെ ധനസഹായംവഴി വീടിനടുത്ത് നിർമിച്ച ചെറിയ ഫാക്ടറിയിൽനിന്നായിരുന്നു നിർമാണം. കോവിഡാനന്തരം കാരുണ്യ, ത്രിവേണി ഔട്ട്‌ലെറ്റുകൾ, ആശുപത്രികൾ എന്നിവ വഴി വിപണനം ആരംഭിച്ചിട്ടുണ്ട്‌. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പങ്കെടുത്തതോടെ "ഇല'യെ കൂടുതൽ പേർ അറിഞ്ഞുതുടങ്ങി. ഉടൻ സപ്ലൈകോയിലും പാഡ്‌ ലഭ്യമാകും.    ഷീജയ്ക്ക്‌ പുറമെ വിജയകുമാരി, പത്മകുമാരി, ശോഭനകുമാരി, ഷീലകുമാരി എന്നിവരും സംഘത്തിലുണ്ട്‌. 54 രൂപയാണ്‌ ഒരു പായ്‌ക്കറ്റിന്റെ വില. വിവിധ വലിപ്പത്തിലും ലഭിക്കും.   Read on deshabhimani.com

Related News