ജില്ലയെ നയിക്കാൻ 
വീണ്ടും ആനാവൂർ



പാറശാല അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവൽപ്രശ്‌നങ്ങളിൽ  ഇടപെട്ട സംഘാടന മികവിന്റെ കരുത്തിലാണ്‌ ആനാവൂർ നാഗപ്പൻ തലസ്ഥാന ജില്ലയിലെ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാൻ വീണ്ടും നിയോഗിക്കപ്പെടുന്നത്‌.  ബ്രാഞ്ച്‌ സെക്രട്ടറി മുതൽ എല്ലാ ഘടകങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ചാണ്‌ 2016ൽ ആദ്യമായി ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്‌. അടിസ്ഥാന ജനവിഭാഗമായ കർഷകത്തൊഴിലാളികളുടെയും മലയോരമേഖലകളിലെ ആദിവാസി ജനവിഭാഗത്തിന്റെയും അവകാശങ്ങൾക്കുവേണ്ടി പോരാടിയ ആനാവൂർ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റും അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗവുമാണ്‌.   ബ്രാഞ്ച്‌ അംഗങ്ങൾമുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾവരെയുള്ള മുഴുവൻ സഖാക്കളെയും നിരന്തരം ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ സദാ പ്രേരിപ്പിച്ച്‌ കരുത്തുറ്റ മുന്നേറ്റം പാർടിക്ക്‌ ജില്ലയിൽ സാധ്യമാക്കാൻ നേതൃത്വപരമായ പങ്കുവഹിച്ചു. ഏതു പ്രവർത്തനത്തിനും വിശ്രമമില്ലാതെ മുഴുകി അതിന്റെ പൂർത്തീകരണംവരെ നേതൃപരമായ ഇടപെടൽ നടത്തുന്നത്‌ ആനാവൂരിന്റെ പ്രത്യേകതയാണ്‌. ആതുരസേവന മേഖലയിൽ സജീവമാകണമെന്ന്‌ പാർടി ആഹ്വാനമുണ്ടായപ്പോൾ ജനനായകൻ ഇ കെ നായനാരുടെ സ്‌മരണാർഥം മെഡിക്കൽ കോളേജിനു സമീപം സാന്ത്വന പരിചരണ കേന്ദ്രം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. ഇതിനായുള്ള സ്വന്തം കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌. പാർടി ജിഹ്വയായ ദേശാഭിമാനിക്ക്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർക്കുന്നതിനും രാപ്പകലില്ലാതെ പ്രവർത്തിച്ചു. വാർഷിക വരിക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്‌ ഉയർത്തുകയാണ്‌ ലക്ഷ്യമെന്ന്‌ ആനാവൂർ പറയുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തുകളിലൊന്നായി തിരുവനന്തപുരത്തെ മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ നേതൃത്വം തുണയായി. പാർടി സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌ ആനാവൂർ നാഗപ്പൻ. Read on deshabhimani.com

Related News