യുവതിയുടെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ



പൂജപ്പുര  പൂജപ്പുരയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ സഹോദരൻ പിടിയിൽ. നഗരസഭ ക്ലര്‍ക്ക്‌ സുരേഷി (41)നെയാണ്‌ പൂജപ്പുര പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌.  വിളപ്പിൽശാല വിട്ടിയം വാർഡിൽ അരുവിപ്പുറം കുഞ്ചുവീട്ടിൽ പരേതരായ തിരുവനന്തപുരം  നഗരസഭ  മുൻ ജീവനക്കാരൻ മനോഹരൻ നായരുടെയും -ശാരദയുടെയും മകൾ നിഷ (37)യെയാണ് ജനുവരി14ന്‌ പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സ്വത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.  നിഷയെ ജനുവരി ഒമ്പതിന്‌ സഹോദരൻ മര്‍ദിച്ചിരുന്നു.  അവശയായ ഇവരെ അടുത്ത ദിവസം ഇയാൾതന്നെ  ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണ്പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം വീട്ടിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച മരിച്ചു. സ്ഥിരം മദ്യപാനിയായ സുരേഷ് ഒരു മാസം മുമ്പാണ് പൂജപ്പുര വിദ്യാധിരാജ നഗറില്‍ വി ആര്‍ എന്‍ എ 191  വാടകവീട്ടില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് ഇയാള്‍ കൂട്ടുകാരെ  വിളിച്ചുവരുത്തി. അന്ന്‌ രാവിലെ വീട്ടില്‍ ബഹളം കേട്ടതായി അയല്‍വാസികളും പറഞ്ഞു. സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ ബോധമില്ലാതെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തുക്കളാണ്  പൊലീസിനെ അറിയിച്ചത്. പൊലീസെത്തി  മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്‌  മരണകാരണം തലയ്ക്ക് അടിയേറ്റതാണെന്ന് വ്യക്തമായത്‌. മുഖവും തുടയും മർദനമേറ്റ് തകര്‍ന്നിരുന്നു.  പിന്നാലെ, വിശദമായി  ചോദ്യം ചെയ്തപ്പോൾ  കൊലപാതകമാണെന്ന് ഇയാള്‍ സമ്മതിച്ചു. തടിക്കഷണം ഉപയോഗിച്ച് നിഷയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന്‌  പൊലീസ് അറിയിച്ചു. മറ്റൊരു സഹോദൻ രതീഷ്‌. Read on deshabhimani.com

Related News