കേൾക്കുന്നുണ്ടോ ഈ വിജയാരവം



തിരുവനന്തപുരം നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ വെല്ലുവിളികൾക്കാകില്ലെന്ന്‌ ലോകത്തോട്‌  ഉറക്കെ വിളിച്ചുപറയുകയാണിവർ. പ്ലസ്‌ടുവിന്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി അഭിമാനതാരങ്ങളായി ജഗതി ഗവ. ബധിര ഹയർ സെക്കൻഡറി സ്‌കൂളിലെ മിടുക്കർ. അഖിലും ലൗജിനുമാണ്‌ പരിമിതിയെ മികവിൽ മറികടന്നത്‌. ഹ്യുമാനിറ്റീസ്‌ വിദ്യാർഥികളാണ്‌ ഇരുവരും. ചിറയൻകീഴ്‌ അഴൂർ സ്വദേശിയാണ്‌ ലൗജിൻ. ചെറുതായി സംസാരിക്കുമെങ്കിലും കേൾക്കണമെങ്കിൽ ഹിയറിങ്‌ എയ്‌ഡ്‌ വയ്ക്കണം. പ്ലസ്‌ വണ്ണിന്‌ നാലു വിഷയങ്ങൾക്ക്‌ നേടിയ എ പ്ലസിൽനിന്നാണ്‌ പ്ലസ്‌ടുവിന്‌ ഫുൾ എ പ്ലസ്‌ എന്ന സ്വപനനേട്ടം സ്വന്തമാക്കിയത്‌. നന്നായി പഠിക്കണമെന്നും ഡിഗ്രിക്കുപോകണമെന്നും സർക്കാർ ജോലിക്കാരനാകണമെന്നുമാണ്‌ ലൗജിന്റെ ആഗ്രഹം. പെട്രോൾ പമ്പിൽ ജീവനക്കാരനായ ലൗലജന്റെയും വീട്ടമ്മയായ സുനിതയുടെയും മകനാണ്‌. കൊല്ലം കുന്നത്തൂർ സ്വദേശിയാണ്‌ അഖിൽ. പഠനവും ചിത്രരചനയും ഒരുപോലെ ഇഷ്ടം. മകന്റെ വിജയത്തിൽ അഭിമാനമേറെയെന്ന്‌ അഖിലിന്റെ അമ്മ മിനി.  കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയാണിവർ. നല്ല കോഴ്‌സിന്‌ മകനെ ചേർക്കണമെന്ന്‌ പറയുമ്പോൾ  കൂലിപ്പണിക്കാരനായ അച്ഛൻ അജികുമാറിന്റെ വാക്കുകളിൽ പ്രതീക്ഷ. അഖിലിനെയും ലൗജിനെയും കൂടാതെ ജഗതി സ്‌കൂളിൽ പരീക്ഷയെഴുതിയ 12 വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിനർഹരായി. വൊക്കേഷണൽ  പരീക്ഷയെഴുതിയ ഒമ്പതു കുട്ടികളും വിജയിച്ചു. ഇരുവിഭാഗങ്ങളിലും സ്‌കൂൾ നൂറുമേനി കൊയ്തു. Read on deshabhimani.com

Related News