കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി



കോവളം  വിഴിഞ്ഞത്തുനിന്ന് മീൻപിടിക്കാൻ പോയി കടലിൽ കുടുങ്ങിയവരെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. മീരാസാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ശനി വൈകിട്ട് മത്സ്യബന്ധനത്തിനിറങ്ങി രാത്രി ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങുകയായിരുന്നു.  നിയന്ത്രണംവിട്ട ബോട്ട് കാറ്റിന്റെ ഗതിക്കനുസരിച്ച്  കടലിൽ ഒഴുകിനടന്നു.ബോട്ട് മടങ്ങിയെത്താത്തതിനെ തുടർന്ന് ഉടമ സക്കീർ ഹുസൈൻ തീരദേശ പൊലീസിൽ അറിയിച്ചു. അവർ നടത്തിയ തിരച്ചിലിലാണ് തമിഴ്നാട് ഭാഗത്തെ കടലിൽ ഒഴുകുന്ന നിലയിൽ  ബോട്ട് കണ്ടെത്തിയത്.  മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന്റെ സി 427 പട്രോൾ ബോട്ടിൽ  ഞായറാഴ്ച ആദ്യം തേങ്ങാപ്പട്ടണത്തും പകൽ പന്ത്രണ്ടോടെ വിഴിഞ്ഞം തുറമുഖത്തും എത്തിച്ചു.  വിഴിഞ്ഞത്തെത്തിയ ഇവരെ  ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടും തീരസേന തേങ്ങാപ്പട്ടണത്ത് കരയ്ക്കെത്തിച്ചിരുന്നു. തീരസംരക്ഷണസേനാ അസി. കമാൻഡന്റ്‌ രമൺദീപ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.  Read on deshabhimani.com

Related News