കാര്‍ തടഞ്ഞ് സ്വര്‍ണവും 
പണവും കവർന്നു; 
2 പേര്‍ അറസ്റ്റില്‍



വെഞ്ഞാറമൂട് കാര്‍ തടഞ്ഞ്‌ 12.5 പവന്‍ സ്വർണവും 28,000 രൂപയും വാച്ചും പ്രമാണവും എടിഎം കാര്‍ഡും മറ്റ് രേഖകളും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പനവൂര്‍ വാഴുവിള വീട്ടില്‍ നാസി(43), പനവൂര്‍ എം എസ് ഹൗസില്‍ റാഷിദ്(31) എന്നിവരാണ് അറസ്റ്റിലായത്.  ആനാട് വട്ടറത്തല കിഴുക്കുംകര പുത്തന്‍ വീട്ടില്‍ മോഹനപ്പണിക്കർക്കാണ്(64) പണവും ആഭരണങ്ങളും നഷ്ടമായത്. വെള്ളി രാത്രി 8.30ന് വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ ചുള്ളാളത്തായിരുന്നു സംഭവം. പ്രതികള്‍ കാര്‍ റോഡില്‍ ഒതുക്കിയിട്ടശേഷം അത് വഴി വന്ന മോഹനപ്പണിക്കരുടെ കാര്‍ തടഞ്ഞ് ടയര്‍ കേടായെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍നിന്ന്‌ പുറത്തിറങ്ങിയ മോഹനപ്പണിക്കരെ ഭീഷണിപ്പെടുത്തി പ്രതികളുടെ കാറില്‍ കയറ്റി. തുടർന്ന്‌ കാർ ഓടിച്ചു പോകുകയും മോഹനപ്പണിക്കരെ മര്‍ദിച്ച്‌ പണവും മറ്റ് വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു. കുറച്ച്‌ ദൂരം പോയശേഷം ഇറക്കിവിട്ട്‌ പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടു.  പൊലീസ് അന്വേഷണത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിക്കുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതികളെ റിമാൻഡ്‌ ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.   Read on deshabhimani.com

Related News