കുമ്പിച്ചൽ കടവിലെ കാത്തിരിപ്പവസാനിക്കും

നിർമാണം പുരോഗമിക്കുന്ന കുമ്പിച്ചൽകടവ്‌ പാലം


വെള്ളറട അമ്പൂരിനിവാസികൾക്കും നെയ്യാർഡാം റിസർവോയർ തുരുത്തിലെ കുടുംബങ്ങൾക്കും ഇനി കുമ്പിച്ചൽക്കടവിൽ കാത്തിരിപ്പവസാനിപ്പിക്കാം. വർഷങ്ങളുടെ ആവശ്യമായിരുന്ന പാലം ഇനി ഉടൻ യാഥാർഥ്യമാകും. സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയാണ്‌ മലയോരത്ത്‌ സാധ്യമാകുന്നത്‌.  അമ്പൂരി പഞ്ചായത്തിലെ കുമ്പിച്ചൽ കടവിൽ നെയ്യാറിൽ കരിപ്പയാറിന് കുറുകെയാണ്‌ പാലം ഒരുങ്ങുന്നത്‌. കിഫ്ബിയുടെ സഹായത്തോടെ 19 കോടിരൂപ അടങ്കലിലാണ്‌ നിർമാണം. കരിപ്പയാറിന്റെ മറുകരയിൽ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തിലെ 12 ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് പാലം. ഏഴു സ്പാനിലായി 253.4 മീറ്റർ നീളത്തിലാണ് പാലം. ഇതിൽ രണ്ട് സ്പാൻ കരയിലും അഞ്ചു സ്പാൻ വെള്ളത്തിലുമാണ്‌.   ഡയറക്ട് മഡ് സർക്കുലേഷൻ (ഡിഎംസി) എന്ന സാങ്കേതികത്വത്തിലൂടെ പൈലിങ് പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. 15 മീറ്ററിലധികം ഉയരത്തിൽ വെള്ളം ഉള്ളതിനാൽ ഫ്ലോട്ടിങ് ബാർജിന്റെ സഹായത്തോടുകൂടിയാണ് പൈലിങ്. അപ്രോച്ച് റോഡിനുപുറമെ ഇരുവശത്തും കടവിലേക്കിറങ്ങാൻ നാലുമീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ടുമീറ്റർ വീതിയിൽ റോഡും ഇരുവശത്തും നടപ്പാതയുമുണ്ട്‌. ഈ വർഷം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വനം വകുപ്പിന്റെയും അനുവാദമുൾപ്പെടെയുള്ള നിരവധി കടമ്പകൾ കടക്കാൻ നാലുവർഷത്തോളം വേണ്ടിവന്നു.   Read on deshabhimani.com

Related News