ദേശീയപതാക പിഴുതെറിഞ്ഞ ബിഎംഎസുകാരൻ അറസ്റ്റിൽ



വെള്ളറട  ദേശീയപതാക പിഴുതെറിഞ്ഞ ബിഎംഎസ് പ്രവർത്തകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര കോട്ടയ്‌ക്കൽ ചരിവുവിള പ്ലാവിള പുത്തൻവീട്ടിൽ സി അഗസ്റ്റിൻ (55) ആണ് അറസ്റ്റിലായത്. അഗസ്റ്റിൻ സിപിഐ എം പ്രവർത്തകനാണെന്നായിരുന്നു ബിജെപിയും ആർഎസ്എസും സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിച്ചത്‌.  പതാക ഉയർത്താനുള്ള കൊടിമരവുമായെത്തിയ ബിജെപി പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ പ്രകോപിതനായാണ്‌ അഗസ്റ്റിൻ കൊടിമരം പിഴുതത്‌. തുടർന്ന് സംഘടിച്ചെത്തിയ ബിജെപിക്കാർ കൊടിമരംനാട്ടി പതാക ഉയർത്തി.  ബിജെപിയുടെ ട്രേഡ് യൂണിയൻ പ്രവർത്തകൻതന്നെ പരസ്യമായി പ്രതികരിച്ചത് ഉണ്ടാക്കിയ നാണക്കേടിൽനിന്ന് രക്ഷപ്പെടാനാണ് അഗസ്റ്റിൻ സിപിഐ എം പ്രവർത്തകനാണെന്ന് പ്രചരിപ്പിച്ചത്. അഗസ്‌റ്റിന്‌ സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്നും ബിഎംഎസുകാരന്റെ ദുഷ്‌പ്രവൃത്തി പാർടിയുടെ പേരിലാക്കാനുള്ള ശ്രമം അപലപനീയമാണെന്നും സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി പറഞ്ഞു.  യാഥാർഥ്യം അന്വേഷിക്കാതെ ആർഎസ്എസ് പറയുന്നത് ഏറ്റുപറയുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News