ക്രഷര്‍ യൂണിറ്റ് തുടങ്ങാന്‍ 
അനുമതി നൽകിയിട്ടില്ല



കിളിമാനൂർ  ന​ഗരൂർ വെള്ളല്ലൂർ കരിമ്പാലോട് വാർഡിൽ ക്രഷർ യൂണിറ്റ് ആരംഭിക്കാൻ പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിട്ടില്ലെന്നും അവിടെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത. പഞ്ചായത്തിലെ കോൺ​ഗ്രസ് അം​ഗങ്ങളും യുഡിഎഫ് പ്രവർത്തകരും ഭരണസമിതിക്കെതിരേ കുപ്രചാരണം നടത്തുകയാണെന്നും സ്മിത ആരോപിച്ചു.  ക്രഷർ യൂണിറ്റ്‌ സംബന്ധിച്ച്‌ ഉപസമിതി രൂപീകരിക്കാത്തതിൽ  പ്രതിഷേധിച്ച് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കോൺ​ഗ്രസ് അം​ഗങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. പിന്നീട്‌ പഞ്ചായത്ത് സെക്രട്ടറിയെ യു‍ഡിഎഫ് അം​ഗങ്ങൾ മണിക്കൂറുകളോളം ബന്ധിയാക്കി.  ക്രഷർ യൂണിറ്റ് അനുമതി ആവശ്യപ്പെട്ട് നസീർ, മുനീറുദ്ദീൻ,  നൗഫൽ എന്നിവർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ അക്നോളജ്മെന്റ് സർട്ടിഫിക്കറ്റും ഇവർ ഹാജരാക്കി. എന്നാൽ പ്രദേശവാസികളുടെ പരാതി ലഭിച്ചതോടെ വിഷയം 2021 ഡിസംബർ 9ന് കമ്മിറ്റിയിൽ അജൻഡയായി. തണ്ണീർത്തട നിയമങ്ങൾ ലംഘിച്ചാണ് പദ്ധതി വരുന്നതെന്നുകണ്ട്‌ അനുമതി നിഷേധിച്ചു. ഈ ഭൂമി ഡാറ്റാബാങ്കിൽനിന്ന്‌ ഒഴിവാക്കിയതാണെന്നും കരഭൂമിയാണെന്നും പ്രാദേശിക നിരീക്ഷണസമിതി പിന്നീട്‌ കണ്ടെത്തി. ഇതിനിടെ വെള്ളല്ലൂർ സ്വദേശി ഓംബുഡ്സ്മാനിൽ സമർപ്പിച്ച ഹർജിയിൽ, പഞ്ചായത്ത് കമ്മിറ്റിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഓംബുഡ്സ്മാൻ കത്ത് നൽകി.  തുടർന്ന്‌ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത് സെക്രട്ടറി ക്രഷർ യൂണിറ്റുകാർക്ക്‌ കത്ത് നൽകിയെങ്കിലും അവർ കത്ത് സ്വീകരിച്ചില്ല, പകരം ഹൈക്കോടതിയിൽനിന്നും സ്റ്റേ വാങ്ങി. ഹൈക്കോടതിയുടെ പരി​ഗണനയിലുള്ള  കേസിൽ പഞ്ചായത്തിന്‌ മറ്റ് നടപടികൾ സ്വീകരിക്കാനാകില്ലെന്നത്‌ പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റിയിൽ അറിയിച്ചു. മികച്ച സർവീസ് റെക്കോഡുള്ള സെക്രട്ടറിയെ കരിവാരിത്തേക്കാനും ഭരണസമിതിയെ ബോധപൂർവം ആക്ഷേപിക്കാനുമാണ്‌ യുഡിഎഫ് ശ്രമമെന്നും ആരോപണങ്ങൾ തള്ളിക്കളയണമെന്നും ഡി സ്മിത ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, വി എസ് വിജലയക്ഷ്മി, വെള്ളല്ലൂർ കെ അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News