ആശ്വാസം; 64,020 ഡോസ്

ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിച്ച കോവിഡ് വാക്സിൻ ഡിഎംഒ ഓഫീസിൽ തയ്യാറാക്കിയ സംരക്ഷണ കേന്ദ്രത്തിലേക്ക് കലക്ടർ നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ മാറ്റുന്നു


തിരുവനന്തപുരം ആദ്യഘട്ട കോവിഡ് വാക്സിൻ കുത്തിവയ്‌പ്പിനുള്ള 1,34,000 ഡോസ് എത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കുള്ള വാക്സിനാണ് ബുധനാഴ്ച വൈകിട്ട് 6.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇതിൽ 64,020 ഡോസ് ജില്ലയിൽ വിതരണത്തിനുള്ളതാണ്. ബാക്കിയുള്ളവ മറ്റു ജില്ലകളിലേക്ക് വ്യാഴാഴ്ച രാവിലെ അയ‌ക്കും.മുംബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ 12 പെട്ടികളിലെത്തിയ വാക്സിൻ കലക്ടർ നവ്‌ജ്യോത്‌ ഖോസ, മെഡിക്കൽ ഓഫിസർ കെ എസ് ഷിനു എന്നിവർ ഏറ്റുവാങ്ങി.   വിമാനത്താവളത്തിൽനിന്ന് വാക്സിൻ പ്രത്യേക കവചിത വാഹനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനോടുചേർന്ന റീജ്യണൽ വാക്സിൻ സ്റ്റോറേജിലേക്കു മാറ്റി. ഇവിടെനിന്ന് അതതു ജില്ലാ വാക്സിൻ സ്റ്റോറുകളിലേക്കും തുടർന്ന്‌ ബന്ധപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും മാറ്റും.   ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സിഎച്ച്സി, വർക്കല ആയുർവേദ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം കിംസ് ആശുപത്രി, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ മാതൃകാ കുടുംബാരോഗ്യ കേന്ദ്രം എന്നിവ ഉൾപ്പെടെ 11 കേന്ദ്രത്തിലാണ് തിരുവനന്തപുരത്ത്‌‌ ശനിയാഴ്ച‌ വാക്സിൻ വിതരണം. ‌വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.    386 രോഗികൾകൂടി    തിരുവനന്തപുരത്ത് ബുധനാഴ്ച 386 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 335 പേർ രോഗമുക്തരായി. 3,549 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ 285 പേർക്കും സമ്പർക്കംവഴിയാണ്‌. ഇതിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്.  1,347 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ആകെ 19,597 പേർ വീടുകളിലും 61 പേർ സ്ഥാപനങ്ങളിലുമായി ക്വാറന്റൈനിലുണ്ട്. Read on deshabhimani.com

Related News