പുതിയ ജീവിതവുമായി 25പേർ വീട്ടിലേക്ക്‌

"ബാക്ക് ടു ഹോം' പദ്ധതി മന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  പുതിയ ജീവിതവും സന്തോഷം നിറഞ്ഞ മനസ്സുമായി പേരൂർക്കട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് 25 പേർ വീടുകളിലേക്ക്‌. രോഗമുക്തരായവരെ വീടുകളിലേക്ക് എത്തിക്കുന്ന "ബാക്ക് ടു ഹോം' പദ്ധതിക്ക് ബുധനാഴ്ചയാണ്‌ തുടക്കമായത്. മന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും വരും വർഷങ്ങളിലെ പ്രധാന ദൗത്യങ്ങളിലൊന്ന്‌ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന്‌ മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത്എംഎൽഎ അധ്യക്ഷനായി.   കൊല്ലം, ആലപ്പുഴ ജില്ലക്കാരായ 25 പേരെയാണ് വീടുകളിലേക്ക്‌ അയച്ചത്‌. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേകം വാഹനത്തിലാണ് വീടുകളിലെത്തിക്കുന്നത്. ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും വൈബ് വളന്റിയേഴ്സും അടങ്ങിയ സംഘം ഒപ്പമുണ്ടായി.    പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150–--ാം വാർഷികത്തിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. ലയൺസ് ക്ലബ് സംഭാവന നൽകിയ സം​ഗീതോപകരണവും ഐഐഎസ്ടി അധ്യാപിക ജ്ഞാനപ്പഴം നൽകിയ ധനസഹായവും മന്ത്രി ഏറ്റുവാങ്ങി. ആശുപത്രി വികസനത്തിനുള്ള സമ​ഗ്രപദ്ധതി തയ്യാറാക്കാൻ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ഡിഎംഒ  ഷിനു, ആശുപത്രി സൂപ്രണ്ട് അനിൽ കുമാർ, ചീഫ് കൺസൾട്ടന്റ് കെ ജെ നെൽസൺ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News