വികസനവിരോധികളുടെ സ്ഥാനം 
ചവറ്റുകുട്ടയിൽ: മുഖ്യമന്ത്രി

ധനുവച്ചപുരം ഐടിഐയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി വി ശിവൻകുട്ടി, സി കെ ഹരീന്ദ്രൻ എംഎൽഎ, കെ ആൻസലൻ എംഎൽഎ, ഡി സുരേഷ് കുമാർ തുടങ്ങിയവർ സമീപം


പാറശാല നാടിന്റെ വികസനത്തിൽ നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ധനുവച്ചപുരം ഐടിഐയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച കെട്ടിടം ഉദ്‌ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.  നമ്മുടെ നാട്‌ വികസിച്ചുകൂടാ എന്ന നിലപാടുമായി ചിലർ വരുന്നത്‌ ആശ്‌ചര്യകരമാണ്‌. വികസനത്തിന്‌ എങ്ങനെയൊക്കെ തുരങ്കം വയ്‌ക്കാനാകും എന്നാണ്‌ അവർ ചിന്തിക്കുന്നത്‌. ഈ മനോഭാവമുള്ള ഒരുപിടി ആളുകളുണ്ട്‌. ഇത്‌ നാടിന്റെ പുരോഗതിക്ക്‌ വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്‌. വികസനം ഇന്നത്തെ തലമുറയ്‌ക്കുവേണ്ടി മാത്രമല്ല. ഈ നാടിനെ കൂടുതൽ മികവോടെ വരുംതലമുറയെ ഏൽപ്പിച്ചുകൊടുക്കുക എന്നത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. അതിന്‌ കാലാനുസൃതമായ പുരോഗതിയുണ്ടാകണം. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുണ്ടാകണം. ഏതു പാവപ്പെട്ട കുട്ടിക്കും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. അപ്പന്റെ കൈയിലെ പണത്തിന്റെ ഭാഗമായിട്ടല്ല വിദ്യാഭ്യാസം ലഭിക്കേണ്ടത്‌. അത്‌ നാടിന്റെ ബാധ്യതയാണ്‌. അതിനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്ന നടപടികളിലേക്കാണ്‌ സർക്കാർ കടക്കുന്നത്‌. ഐടിഐകളെ സംസ്ഥാനത്തെ ഏറ്റവും വലിയ നൈപുണ്യവികസനം എന്ന നിലയിൽ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.  Read on deshabhimani.com

Related News