ആഗോള ആരോഗ്യവിദഗ്‌ധരുടെ സമ്മേളനം 26 മുതൽ



തിരുവനന്തപുരം   തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി  ആഘോഷ ഭാഗമായി 26 മുതൽ ആഗോള ആരോഗ്യവിദഗ്‌ധരുടെ സമ്മേളനം നടക്കും. ഡയമണ്ട്‌ ജൂബിലി അലുമ്‌നി ഓഡിറ്റോറിയത്തിൽ 26ന്‌ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയാകും.  മൂന്നു ദിവസത്തെ സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ മാറ്റങ്ങൾ, നിലവിലെ പ്രവണതകൾ, വെല്ലുവിളികൾ എന്നിവയെ ആസ്‌പദമാക്കി  വിദഗ്‌ധർ സംസാരിക്കുമെന്ന്‌ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  27ന്‌ വൈറോളജിയും ഇമ്യൂണോളജിയും എന്ന സെമിനാറിൽ പ്രൊഫ. റോബർട്ട്‌ ഗാലോ മുഖ്യപ്രഭാഷണം നടത്തും. ഡോ. സി എസ്‌ പിച്ചുമണി പ്ലാറ്റിനം ജൂബിലി പ്രഭാഷണം നിർവഹിക്കും. 28നു സമാപന സമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ, മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും. സുപ്രീംകോടതി മുൻജഡ്‌ജി ജസ്റ്റിസ്‌ ഇന്ദു മൽഹോത്ര സംസാരിക്കും. മൂന്നുമാസത്തെ ആഘോഷങ്ങളോടനുബന്ധിച്ച്‌ പൂർവവിദ്യാർഥി ഡോ. രവീന്ദ്രനാഥൻ 80 ല ക്ഷം മുടക്കി നിർമിച്ച നോളജന്റ്‌ സെന്റർ ആർസിസി, സിഡിസി, മെഡിക്കൽ കോളേജ്‌, എസ്‌എടി, ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിത്സയ്‌ക്കായി എത്തുന്ന കുട്ടികൾക്ക്‌ ചികിത്സാ നിർദേശങ്ങളും സാമ്പത്തിക സഹായവും നൽകുന്ന തളിരുകൾ പദ്ധതി എന്നിവയുടെ ഉദ്‌ഘാടനവും നടക്കും.  മെഡിക്കൽ കോളേജിനെ എ യിംസ്‌ മാതൃകയിൽ ഉയർത്താനുള്ള സമഗ്രവികസന പദ്ധതിയാണ്‌ കിഫ്‌ബി വഴി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 717 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകി. ഇതിൽ 300 കോടിയും യന്ത്ര, ഉപകരണ സംവിധാനങ്ങൾക്കാണ്‌. ഒന്നാംഘട്ടം പൂർത്തിയായി. രണ്ടും മൂന്നും ഘട്ടം യഥാസമയം പൂർത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു.  സംഘാടകസമിതി ചെയർമാൻ ഡോ. സി ജോൺ പണിക്കർ, ഡോ. കലാകേശവൻ, ഡോ. രാജ്‌മോഹൻ, ഡോ. ഹർഷകുമാർ, ഡോ. സുൽഫി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News