കിളിമാനൂര്‍ ​ഗവ. എച്ച്‌എസ്‌എസിന്
ബഹുനില മന്ദിരമായി

ഉദ്ഘാടന സജ്ജമായ കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ മന്ദിരം


കിളിമാനൂർ  ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവുമധികം വിദ്യാർഥികൾ എ പ്ലസ് വാങ്ങുന്ന കിളിമാനൂർ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില ഹൈടെക് മന്ദിരം ഉദ്ഘാടന സജ്ജമായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  15നു പകൽ 11ന് ഉദ്‌ഘാടനം ചെയ്യും. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയാകും.  2019ൽ ബി സത്യൻ എംഎൽഎ ആയിരിക്കുമ്പോഴാണ്‌  സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാ​ഗമായി കിഫ്ബി ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ ചെലവിൽ സ്കൂളിന് ബഹുനിലമന്ദിരം നിർമിക്കാൻ തുക അനുവദിച്ചത്. തുടർന്ന് പണി ആരംഭിച്ചെങ്കിലും കോവിഡ് കാരണം   മന്ദ​ഗതിയിലായി. തുടർന്ന് ഒ എസ് അംബിക എംഎൽഎയുടെ  ഇടപെടലിന്റെ ഫലമായാണ്‌  നിർമാണത്തിനൊപ്പം കമാനവും തറയോടും ചേർത്ത് മൂന്നു കോടിയുടെ എസ്റ്റിമേറ്റിൽ പണി പൂർത്തിയാക്കിയത്‌. പണിയുടെ എല്ലാ ഘട്ടത്തിലും ഒ എസ് അം​ബിക എംഎൽഎയുടെ മേൽനോട്ടമുണ്ടായിരുന്നു. 12 മുറിയും സെമിനാർ ഹാളുമുള്ളതാണ്‌ ബഹുനില മന്ദിരം.  അഡ്മിനിസ്ട്രേറ്റീവ് റൂമുകളും യുപി വിഭാ​ഗം ക്ലാസുകളുമാണ് ഇവിടെ  പ്രവർത്തിക്കുക. ശിശുസൗഹൃദമായ 15 ശൗചാലയവുമുണ്ട്‌.  ഇൻകലാണ് നിർവഹണ ഏജൻസി. വാർത്താ സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, സ്കൂൾ പ്രധാന അധ്യാപകൻ എൻ സുനിൽകുമാർ, പിടിഎ വൈസ് പ്രസിഡന്റ് ജി ഹരികൃഷ്ണൻ നായർ,ബി ഉന്മേഷ് എന്നിവരുമുണ്ടായിരുന്നു. Read on deshabhimani.com

Related News