മനോഹരം ഈ ഡോക്ടറേറ്റ്‌

കെട്ടിടനിർമാണ ജോലിക്കിടെ മനോഹരൻ


കഴക്കൂട്ടം എംഎ പഠനശേഷം കോട്ടയം മുണ്ടക്കയത്തെ പുലിക്കുന്നിൽ വാർക്കപ്പണിയെടുത്ത്‌ ജീവിക്കുകയായിരുന്നു മനോഹരൻ. ഒരുദിവസം താൻ പഠിച്ച കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സ്‌നേഹിതന്റെ വിവാഹത്തിന്‌ ക്ഷണമെത്തി. വിവാഹത്തിനുചെന്ന മനോഹരന്റെ ഹൃദയത്തിലേക്കാണ്‌ ആ കാഴ്‌ച ഇറങ്ങിച്ചെന്നത്‌, ഗവേഷക വിദ്യാർഥികളൊരുമിച്ച്‌ യൂണിവേഴ്സിറ്റിയുടെ ബസിൽ വന്നിറങ്ങുന്നു. താനും അവർക്കൊപ്പം ആയിരിക്കേണ്ടതല്ലേയെന്ന ചിന്തയിൽ അന്നുറങ്ങാൻ കഴിഞ്ഞില്ല, പുലിക്കുന്ന് താന്നിക്കപ്പതാൽ നടുപുരയിടത്തിൽ എൻ കെ മനോഹരന്‌. ഉടനെ എസ്എഫ്ഐയുടെ മുൻ ക്യാമ്പസ് സെക്രട്ടറി ആയിരുന്ന ജോഷിയെ വിളിച്ചുപറഞ്ഞു, നാളെത്തന്നെ ക്യാമ്പസിൽ എത്തുമെന്ന്‌. സുഹൃത്തുക്കളിൽനിന്ന്‌ വണ്ടിക്കൂലിയും വാങ്ങി ബസ്‌ കയറി. കാര്യവട്ടത്തെത്തി പിഎച്ച്‌ഡിക്ക്‌ രജിസ്‌റ്റർ ചെയ്‌തു. രാത്രികളിൽ ടെക്നോപാർക്കിലെ കഫറ്റീരിയയിൽ ഭക്ഷണം വിളമ്പാൻ പോയി അവശ്യച്ചെലവുകൾ കണ്ടെത്തി. ഒടുവിലിതാ ഇക്കണോമിക്സിൽ ഡോക്ടറേറ്റും നേടി.    ഉന്നത വിദ്യാഭ്യാസത്തിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം: ഒരു വിലയിരുത്തൽ എന്നതായിരുന്നു പഠനവിഷയം. നാട്ടിൽ ചെല്ലുമ്പോഴെല്ലാം കൂലിപ്പണിക്കും പോയി, സിഐടിയു പുലിക്കുന്ന് യൂണിറ്റിലെ ഈ തൊഴിലാളി. ഓട്ടോക്കാരനായും വാർക്കപ്പണിക്കാരനായും വേഷംമാറുമ്പോഴും മനോഹരനിൽ ആ സ്വപ്നം കൂടുതൽ തെളിച്ചത്തോടെ മനസ്സിലെത്തും, ഊർജമേറും–- കോളേജ്‌ അധ്യാപകനാകുക. അതിലേക്കുള്ള യാത്രയിലാണ്‌ മനോഹരൻ.  കൂലിപ്പണിക്കാരനായ കുഞ്ഞുചെറുക്കന്റെയും അമ്മിണിയുടെയും മകൻ കുട്ടിക്കാലത്തേ കുടുംബത്തെ തന്നാലാകുംവിധം സഹായിച്ചിരുന്നു. മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠനശേഷം ചങ്ങനാശേരി എൻഎസ്എസ് കോളേജിൽനിന്ന്‌ ബിരുദംനേടി. കാര്യവട്ടം യൂണിവേഴ്സിറ്റിയിൽനിന്നാണ്‌ സാമ്പത്തിക ശാസ്ത്രത്തിന് എംഫിൽ പൂർത്തിയാക്കിയത്‌.  സിഐടിയു പുഞ്ചവൽ യൂണിറ്റ് അംഗവും സിപിഐ എം താന്നിക്കപ്പതാൽ ബ്രാഞ്ച് അംഗവുമാണ്‌ മനോഹരൻ.  Read on deshabhimani.com

Related News