കനകക്കുന്നിൽ തെരുവുകച്ചവട മഹോത്സവം



തിരുവനന്തപുരം  ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ആഘോഷ പരിപാടികളുടെ ഭാഗമായി  കോർപറേഷൻ നേതൃത്വത്തിൽ തെരുവുകച്ചവട മഹോത്സവം നടത്തും. 14 മുതൽ 21 വരെ കനകക്കുന്നിലാണ്‌ പരിപാടിയെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. 14ന്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.   തെരുവുകച്ചവടക്കാരുടെയും അവരുടെ വിപണനത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടാണ്‌ മേള. വഴിയോരക്കച്ചവടക്കാർക്കുള്ള വായ്‌പ–-തിരിച്ചറിയൽ കാർഡ്‌ വിതരണം, സെമിനാറുകൾ, ശിൽപ്പശാല, വ്യാപാരമേള, ആർകെവി റോഡിലെ വെൻഡിങ്‌ സോൺ ഉദ്‌ഘാടനം എന്നിവയും നടക്കും. ഫുഡ്‌ സ്‌റ്റാളുമുണ്ടാകും. കച്ചവടക്കാരുടെയും കുടുംബാംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികളും പ്രമുഖർ പങ്കെടുക്കുന്ന കലാസന്ധ്യയും അരങ്ങേറും. വെള്ളി വൈ കിട്ട്‌ മൂന്നിന്‌ വിളംബര ജാഥ മേയർ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.   ഡെപ്യൂട്ടി മേയർ പി കെ രാജു, ക്ഷേമകാര്യ സ്‌റ്റാൻഡിങ്‌ സമിതി അധ്യക്ഷൻ എസ്‌ സലിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   നഗരസഭ ജനങ്ങളിലേക്ക്‌ 
ഇന്ന്‌ നേമത്ത്‌; പരാതി തീർക്കാൻ ‘കണക്ട്‌ ദ മേയർ’   അഴിമതിരഹിത സദ്‌ഭരണവും സമഗ്ര നഗരവികസനവും ലക്ഷ്യമിട്ട്‌ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘നഗരസഭ ജനങ്ങളിലേക്ക്‌’ ക്യാമ്പയിന്‌ സ്വീകാര്യതയേറുന്നു. ആദ്യം ക്യാമ്പയിൻ സംഘടിപ്പിച്ച ശ്രീകാര്യം സോണലിൽ 104 അപേക്ഷയാണ്‌ ലഭിച്ചതെങ്കിൽ വിഴിഞ്ഞത്ത്‌ 514 എണ്ണം ലഭിച്ചു. ജനങ്ങൾക്ക്‌ നഗരസഭാ ഭരണസമിതിയിലുള്ള വിശ്വാസത്തിനും ക്യാമ്പയിൻ അവർ ഏറ്റെടുത്തതിനുമുള്ള തെളിവാണിതെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.  വെള്ളിയാഴ്‌ച നേമം സോണൽ ഓഫീസിലാണ്‌ ക്യാമ്പയിൻ. രാവിലെ ഒമ്പത്‌ മുതൽ മേയറുടെ നേതൃത്വത്തിൽ പരാതികൾ കേൾക്കും. 17ന്‌ വട്ടിയൂർക്കാവ്‌ സോണൽ ഓഫീസിലാണ്‌.  നഗരസഭ നടപ്പാക്കിയ വാട്‌സ്‌ആപ്‌ പരാതി പരിഹാര സംവിധാനവും ജനകീയമായി. കണക്ട്‌ ദ മേയർ എന്ന പേരിൽ കൂടുതൽ നഗരവാസികളിലേക്ക്‌ ഇതെത്തിക്കും.  മേയറുടെ ഔദ്യോഗിക വാട്‌സ്‌ആപ്‌ നമ്പരിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ പരിഹാരം കാണും.  നവമാധ്യമം വഴി സുധീർ എബ്രഹാം ആണ്‌ ‘കണക്ട്‌ ദ മേയർ’ എന്ന പേര്‌ നിർദേശിച്ചത്‌. Read on deshabhimani.com

Related News