കേന്ദ്രത്തിന് താക്കീതായി 
എൽഡിഎഫ്‌ പ്രതിഷേധം



തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, സംസ്ഥാന വിരുദ്ധ നടപടികൾക്കെതിരെ തലസ്ഥാന ജില്ലയുടെ ഉശിരൻ പ്രതിഷേധം.  നിത്യോപയോഗ സാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കേരളത്തെ അവഗണിക്കുകയും കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ എൽഡിഎഫ്‌  ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ചിലും ധർണയിലും നൂറുകണക്കിനുപേർ അണിനിരന്നു.  മ്യൂസിയം ജങ്‌ഷനിൽനിന്നാരംഭിച്ച  മാർച്ച്‌ രാജ്‌ഭവനു സമീപം പൊലീസ്‌ തടഞ്ഞു. തുടർന്നു നടന്ന ധർണ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  ഞെരുക്കിക്കൊല്ലാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് മുന്നിൽ തോൽക്കാൻ കേരളം ഒരുക്കമല്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.  സഹായം നൽകാതെയും വിദേശ സഹായം നൽകുന്നത് തടസ്സപ്പെടുത്തിയും കേരളത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചു. സ്വയം മുങ്ങിച്ചാകട്ടെ എന്നതായിരുന്നു നിലപാട്. അതിന് ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ച്‌ കേരളം മുന്നോട്ടുപോകുകയാണ്.  റൗഡി എന്ന ഇഡി കേന്ദ്ര സർക്കാരിന്റെ ആയുധമായി മാറി. സ്വതന്ത്ര ഏജൻസികൾ ഭരണാധികാരികളുടെ വീട്ടുജോലിക്കാരായി മാറി.  ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്നതാണ് ബിഹാറിലെ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.  സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.  എൽഡിഎഫ്‌ നേതാക്കളായ എം വിജയകുമാർ,  ഡോ. എൻ ജയരാജ് എംഎൽഎ, ഡോ. എ നീലലോഹിതദാസ്, അഡ്വ. വർക്കല രവികുമാർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, മാങ്കോട് രാധാകൃഷ്ണൻ, എസ് ഫിറോസ് ലാൽ, ഉഴമലയ്ക്കൽ വേണുഗോപാൽ, വി സുരേന്ദ്രൻ പിള്ള, വാമനപുരം പ്രകാശ് കുമാർ, ഷാജി കടമല, ശശികുമാർ ചെറുകോൽ, പ്രാക്കുളം മോഹനൻ,  വി ശശി എംഎൽഎ, ഡി കെ മുരളി എംഎൽഎ, സഹായദാസ്, ആട്ടുകാൽ അജി, പാളയം രാജൻ, എൻ എം നായർ, തോമസ് ഫെർണാണ്ടസ്,  തമ്പാനൂർ രാജീവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News