വിഴിഞ്ഞം കണ്ടു ‘കരുതൽ കടൽ’

നഗരസഭ ജനങ്ങളിലേക്ക് പരിപാടിയുടെ ഭാഗമായി വിഴിഞ്ഞം സോണൽ ഓഫീസിൽ നടത്തിയ അദാലത്തിൽ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുമായി സംസാരിക്കുന്ന മേയർ ആര്യ രാജേന്ദ്രൻ


തിരുവനന്തപുരം പരാതിയുമായി മേയർ ആര്യ രാജേന്ദ്രന്‌ അരികിൽ എത്തുമ്പോൾ തീരദേശത്തുള്ളവരുടെ മിഴിയിലും മനസ്സിലും ആശങ്കയുടെ കടലിരമ്പമായിരുന്നു. എന്നാൽ മേയറുടെ മറുപടി കേട്ടപ്പോൾ അവരുടെ മനസ്സിലെ ആശങ്കയുടെ കാർമേഘമൊഴിഞ്ഞു.  വിഴിഞ്ഞം സോണലിൽ നടന്ന നഗരസഭ ജനങ്ങളിലേക്ക്‌ ക്യാമ്പയിനാണ്‌ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക്‌ കരുതലിന്റെ കടലായത്‌. കോർപറേഷൻ സംഘടിപ്പിച്ച രണ്ടാമത്തെ ക്യാമ്പയിനായിരുന്നു വിഴിഞ്ഞത്തേത്‌. 514 പേരുടെ പരാതികൾ മേയർ നേരിട്ട്‌ കേട്ടു.   ഇത്തരം പരിപാടിയുമായി മുന്നോട്ടുവന്ന കോർപറേഷനെയും മേയറെയും അഭിനന്ദിക്കാനും ജനങ്ങൾ മറന്നില്ല. അപേക്ഷകളിലും പരാതികളിലും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്‌  കൈമാറി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളായിരുന്നു പരാതികളിൽ കൂടുതലും.  100 വാർഡ്‌ ഉൾപ്പെടുന്ന 11 സോണൽ ഓഫീസിലേയും ജനങ്ങളുടെ പരാതികൾ മേയറുടെ നേതൃത്വത്തിൽ നേരിട്ടു കേട്ട് പരിഹാരം കാണും.  അടുത്ത  ക്യാമ്പയിൻ വെള്ളിയാഴ്ച നേമം സോണൽ ഓഫീസിൽ നടക്കും.  ക്യാമ്പയിനുകളും 
തീയതിയും:  നേമം -12,  വട്ടിയൂർക്കാവ്-17,  തിരുവല്ലം -19, കുടപ്പനക്കുന്ന്-23,  ഫോർട്ട് -25,  ഉള്ളൂർ -30,  ആറ്റിപ്ര -29,  കഴക്കൂട്ടം സെപ്‌തംബർ -15, കടകംപള്ളി -16. Read on deshabhimani.com

Related News