വർക്കല മണ്ഡലത്തിൽ 
250പേർ ബിജെപി വിടും



വർക്കല വർക്കല മണ്ഡലത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 250   ബിജെപി പ്രവർത്തകർ പാർടി വിടാൻ തീരുമാനിച്ചതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടികജാതി –- കർഷക മോർച്ചകളുടെ പ്രവർത്തകരുൾപ്പെടെയാണ്  പാർടി വിടുന്നത്. പട്ടികജാതി മോർച്ച  ജില്ലാ വൈസ് പ്രസിഡന്റ് വർക്കല ശ്രീനി, വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് , കർഷക മോർച്ച വർക്കല മണ്ഡലം ജനറൽ സെക്രട്ടറി കെ കെ രാജൻ , വൈസ് പ്രസിഡന്റ്‌ ചെല്ലപ്പൻ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്.  പിന്നാക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാടുകളാണ് ബിജെപി വർക്കല മണ്ഡലം പ്രസിഡന്റിനുള്ളത്‌.  പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടാൻ പോലും  ബിജെപി നേതൃത്വം ജാതീയ വേർതിരിവു കാട്ടുന്നു.  ജില്ലാ നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണ് പാർടി വിടാൻ തീരുമാനിച്ചത്. നഗരസഭയിൽ പുതുതായി അനുവദിച്ച 3 വെൽനെസ് സെന്ററുകളിൽ ഒരെണ്ണം നഗരസഭ 10–-ാംവാർഡിൽ അനുവദിക്കണമെന്ന് ബിജെപി വാർഡംഗം അശ്വതിയുടെ ആവശ്യം  ഉന്നയിക്കാൻപോലും കൗൺസിലിൽ  മറ്റ് ബിജെപി കൗൺസിലർമാർ തയ്യാറായില്ല എന്നതാണ്  ഒടുവിലത്തെ അനുഭവം. ഇതിൽ അശ്വതി പക്ഷക്കാർ കടുത്ത അമർഷത്തിലാണ്. വർക്കലയിൽ ബിജെപിയുടെ ജാഥയും പ്രകടനങ്ങളും നടത്താൻ മാത്രമാണ്  തങ്ങളെ വിളിക്കുന്നത്‌.  കോളനി നിവാസികളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാനും  നേതൃത്വം തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിച്ചു. പട്ടികജാതി വിഭാഗത്തെ അവഗണിച്ചുള്ള ബിജെപി വർക്കല മണ്ഡലം പ്രസിഡന്റിന്റെ നിലപാടുകളിൽ കൂടുതൽ പേർ പാർടി വിടുമെന്നും ഇവർ അറിയിച്ചു.   Read on deshabhimani.com

Related News