പുത്തൻതോപ്പിൽ ഗുണ്ടാ ആക്രമണം: 
3 പേർക്ക് വെട്ടേറ്റു

പുത്തൻതോപ്പ് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ ഹസ്സൻ


കഴക്കൂട്ടം പുത്തൻതോപ്പ് ആശുപത്രി ജങ്‌ഷനിൽ ഗുണ്ടാ ആക്രമണം. കടകൾ അടിച്ചുതകർത്തു. മൂന്നുപേർക്ക് വെട്ടേറ്റു. മർദനത്തിൽ നാലുപേർക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്ച പകൽ രണ്ടിനായിരുന്നു ആക്രമണം.  ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്നാണ് ആക്രമണമെന്ന്‌ കച്ചവടക്കാർ പറഞ്ഞു.  ചിക്കൻ സ്റ്റാൾ നടത്തുന്ന ഹസ്സൻ, സഹായി അസം സ്വദേശി അമീർ, ഫോട്ടോസ്‌റ്റാറ്റ്‌ കട നടത്തുന്ന ചിറ്റു നെൽസൺ എന്നിവരെയാണ്‌ വെട്ടിപ്പരിക്കേൽപ്പിച്ചത്‌. മൂവരെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചിക്കൻ കടയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ടാണ്‌ വെട്ടിയത്‌. പണം മുഴുവൻ അക്രമികൾ കൈക്കലാക്കുകയും കട തല്ലിത്തകർക്കുകയും ചെയ്തു.  സമീപത്തെ പച്ചക്കറി കടയുടമയായ സ്ത്രീ ഓടിരക്ഷപ്പെട്ടു. പ്രദേശത്തെ മുഴുവൻ സ്ഥാപനത്തിലും ഭീഷണി മുഴക്കിയശേഷമാണ് സംഘം സ്ഥലംവിട്ടത്‌.   അതിനുശേഷം കരിഞ്ഞവയൽഭാഗത്ത് എത്തിയ സംഘം അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരോട് ബൈക്ക് ആവശ്യപ്പെട്ടു. ബൈക്ക്‌ നൽകാത്തതിനാൽ അവരെയും ആക്രമിച്ചു. ഇതിൽ ചിറയ്ക്കൽ സ്വദേശി വൈശാഖിന് പരിക്കേറ്റു. വൈശാഖിന്റെ സ്കൂട്ടറും തകർത്തു.   അക്രമികളുടെ പിന്നാലെ പൊലീസും  നാട്ടുകാരും പോയെങ്കിലും ഇടവഴികളിലൂടെ ഇവർ രക്ഷപ്പെട്ടു.  നിരവധി ക്രിമിനൽ കേസിൽ  പ്രതികളായ കാള - രാജേഷ്, സച്ചു, - അപ്പുക്കുട്ടൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ്‌ ഇവർ ജയിൽ മോചിതരായത്. Read on deshabhimani.com

Related News