നാലിടത്ത്‌ ഇന്ന്‌ 
ഉപതെരഞ്ഞെടുപ്പ്



തിരുവനന്തപുരം ജില്ലയിൽ നാല് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച നടക്കും. കോർപറേഷൻ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ, ചിറയിൻകീഴ് ബ്ലോക്ക്  ഇടയ്‌ക്കോട് ഡിവിഷൻ, വിതുര  പഞ്ചായത്ത്‌ പൊന്നാംചുണ്ട് വാർഡ് എന്നിവിടങ്ങളിലാണ്  ഉപതെരഞ്ഞെടുപ്പ്.  വെട്ടുകാട്, ഇടയ്‌ക്കോട്‌ വാർഡുകൾ ജനറൽ വാർഡുകളും പോത്തൻകോട് പട്ടികജാതി സംവരണ വാർഡും പൊന്നാംചുണ്ട് പട്ടികവർഗ സംവരണ വാർഡുമാണ്.     വെട്ടുകാട്‌ വാർഡ്‌ കൗൺസിലറായിരുന്ന സിപിഐ എമ്മിലെ സാബു ജോസിന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവുമായ ക്ലൈനസ്‌ റൊസാരിയോ ആണ്‌ വാർഡിലെ എൽഡിഎഫ്‌ സ്ഥാനാർഥി. ജി ബെർബി ഫെർണാണ്ടസ്‌, എം പോൾ എന്നിവരാണ്‌ യഥാക്രമം യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾ.     ചിറയിൻകീഴ്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ ഇടയ്‌ക്കോട്‌ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന സിപിഐ എമ്മിലെ ഒ എസ്‌ അംബിക എംഎൽഎ ആയതിനാലാണ്‌  ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ്‌ ആർ പി നന്ദുരാജാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ആർഎസ്‌പിയിലെ ഷിബു കോരാണിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപിയിലെ ടി എൽ ഷീബയും മത്സരരംഗത്തുണ്ട്‌.     പോത്തൻകോട്‌ ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സിപിഐ എമ്മിലെ എം ശ്രീകണ്‌ഠന്റെ നിര്യാണത്തെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സിപിഐ എം അംഗവും കർഷകത്തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറിയുമായ മലയിൽക്കോണം സുനിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ സാജൻലാൽ, ബിപെിയിലെ എസ്‌ രാജീവ്‌ എന്നിവരും മത്സരരംഗത്തുണ്ട്‌.    വിതുര പൊന്നാംചുണ്ട്‌ വാർഡംഗമായിരുന്ന കോൺഗ്രസിലെ എൽ വി വിപിൻ യുഡിഎഫ്‌ നേൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച്‌ രാജിവച്ചതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. സിപിഐയിലെ എസ്‌ രവികുമാറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.  പ്രേംഗോപകുമാർ യുഡിഎഫ്‌ സ്ഥാനാർഥിയായും ജെ എസ്‌ സുരേഷ്‌കുമാർ ബിജെപി സ്ഥാനാർഥിയായും മത്സരരംഗത്തുണ്ട്‌. Read on deshabhimani.com

Related News