അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച്‌ 
എ എ റഹിം



പേരൂർക്കട  അപകടത്തിൽ പരിക്കേറ്റവർക്ക്‌ തുണയായി എ എ റഹിം എംപി. പേരൂർക്കടയിലെ നെടുമങ്ങാട്ടേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് മുമ്പിൽ ബുധനാഴ്ച മൂന്നോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റവരെയാണ്‌ എ എ റഹിം സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്‌.  പേരൂർക്കടയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷ വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൊലേറോയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൂട്ടിയിടിയില്‍ ഓട്ടോ മറിഞ്ഞു. ഇതോടൊപ്പം പിറകെ വന്ന സ്കൂട്ടറും അപകടത്തിൽപ്പെട്ടു. തിരുമല സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ വിജയൻ, ഇടുക്കി സ്വദേശിയായ ഇരുച്ചക്രവാഹന യാത്രക്കാരനായ അമ്പാടി എന്നിവർക്കാണ് പരിക്കേറ്റത്. വിജയനും അമ്പാടിയും പരിക്കേറ്റ് വഴിയരികിൽ നിൽക്കെ അതുവഴി വന്ന എ എ റഹിം ആള്‍ക്കൂട്ടം കണ്ട് കാര്‍ നിർത്തി കൂടി നിന്നവരോട് കാര്യം തിരക്കുകയായിരുന്നു.  ആംബുലൻസ് എത്താൻ വൈകിയതോടെ ഇരുവരെയും തന്റെ വാഹനത്തിൽ  മെഡിക്കല്‍ കോളേജ്‌  ആശുപത്രിയിലെത്തിച്ചു.  വിജയന്റെ ബന്ധുക്കളെയും അമ്പാടിയുടെ സുഹൃത്തുക്കളെയും വിവരമറിയിക്കുകയും പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷവുമാണ് എംപി ആശുപത്രിയിൽ നിന്ന് മടങ്ങിയത്. പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഇരുവരെയും ചികിത്സ നൽകി വിട്ടയച്ചു. Read on deshabhimani.com

Related News