ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല: മന്ത്രി



തിരുവനന്തപുരം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപരമായ എല്ലാ അധികാരവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണെന്നും അതിനാൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനും മികവ് പുലർത്താനും ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്‌. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കായി എഫ്‌എസ്‌എസ്‌എഐയും സംസ്ഥാന ഭക്ഷ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഭക്ഷണത്തിന്റെ തെറ്റായ തെരഞ്ഞെടുപ്പും ഉപഭോഗവും, രോഗാണുക്കൾ കലർന്ന ഭക്ഷണം, കീടനാശിനി, അവശിഷ്ടങ്ങൾ തുടങ്ങിയവ അനേകം സാംക്രമിക രോഗങ്ങൾക്ക്‌ കാരണമാകും. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഭക്ഷ്യസുരക്ഷ അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.   ഭക്ഷ്യസുരക്ഷാ വകുപ്പിലെ നിയുക്ത ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും നിലവിലുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമാണ് മന്ത്രി ഉദ്‌ഘാടനം ചെയ്തത്‌. പുതുതായി നിയമിതരായ , കേരളത്തിന്‌ അകത്തും പുറത്തുമുള്ള ഫുഡ് സേഫ്റ്റി ഓഫീസർമാർ പങ്കെടുത്തു.   ഭക്ഷ്യ സുരക്ഷാ കമീഷണർ വി ആർ വിനോദ്, ചെന്നൈ നാഷണൽ ഫുഡ് ലബോറട്ടറി ഡയറക്ടർ ഡോ. സാനു ജേക്കബ്, ഭക്ഷ്യ സുരക്ഷാ ജോ. കമീഷണർ ഇൻ ചാർജ് എം ടി ബേബിച്ചൻ, ഡെപ്യൂട്ടി ഡയറക്ടർ (പിഎഫ്എ) പി മഞ്ജുദേവി, എഫ്എസ്എസ്എഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൗരഭ് കുമാർ സക്‌സേന, സീനിയർ സൂപ്രണ്ട് എസ് ഷിബു എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News