വിജയത്തുടർച്ച തേടി എൽഡിഎഫ്‌



  തിരുവനന്തപുരം ജില്ലയിൽ നാല്‌ തദ്ദേശസ്ഥാപനത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച നടക്കും. തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട്‌ വാർഡ്‌, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്‌ ഡിവിഷൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ  പോത്തൻകോട് ഡിവിഷൻ, വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട്‌ വാർഡ്‌ എന്നിവിടങ്ങളിലാണ്‌  ഉപതെരഞ്ഞെടുപ്പ്‌. പരസ്യപ്രചാരണം ഞായറാഴ്‌ച  സമാപിച്ചു.     കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയിലെ വോട്ടർമാർ സമ്മാനിച്ച വിജയത്തിന്‌ തുടർച്ച തേടിയാണ്‌ എൽഡിഎഫ്‌ വോട്ടഭ്യർഥിക്കുന്നത്‌. വെട്ടുകാട്‌ വാർഡ്‌ കൗൺസിലറായിരുന്ന സിപിഐ എമ്മിലെ സാബു ജോസിന്റെ മരണത്തെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. കോവിഡ്‌ കാലത്ത്‌ വാർഡിൽ ഓടിനടന്ന്‌ സഹായമെത്തിച്ച സാബുവിനെ കോവിഡ്‌ അപഹരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വികസനസ്വപ്‌നങ്ങൾ സഫലമാക്കാൻ സിപിഐ എമ്മിലെ ക്ലൈനസ് റൊസാരിയോയെയാണ്‌ എൽഡിഎഫ്‌ മത്സരിപ്പിക്കുന്നത്‌.      സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗവും സംസ്ഥാന കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന നേതാവുമാണ്‌ ക്ലൈനസ് റൊസാരിയോ. 1,01,125 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞതവണ 998 വോട്ടായിരുന്നു എൽഡിഎഫ്‌ ഭൂരിപക്ഷം. ഡിസിസി അംഗം ജി ബെർബി ഫെർണാണ്ടസ് യുഡിഎഫ് സ്ഥാനാർഥിയായും  എം പോൾ  ബിജെപി സ്ഥാനാർഥിയായും രംഗത്തുണ്ട്‌.       ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് ഇടയ്‌ക്കോട് ഡിവിഷനെ പ്രതിനിധാനംചെയ്‌തിരുന്ന സിപിഐ എമ്മിലെ ഒ എസ്‌ അംബിക ആറ്റിങ്ങൽ എംഎൽഎയായതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1548 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ എൽഡിഎഫിന്‌ ലഭിച്ചത്‌. ആകെ വോട്ടർമാർ 11,992. യുഡിഎഫിനുവേണ്ടി ആർഎസ്‌പിയിലെ  ഷിബു കോരാണിയും  ബിജെപിക്കുവേണ്ടി ടി എൽ ഷീബയും മത്സരിക്കുന്നുണ്ട്‌.     പോത്തൻകോട് ബ്ലോക്ക്  ഡിവിഷൻ വികസന സ്ഥിരംസമിതി അധ്യക്ഷൻകൂടിയായിരുന്ന സിപിഐ എമ്മിലെ എം ശ്രീകണ്ഠന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്.  സിപിഐ എം അംഗവും കർഷകത്തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറിയുമായ മലയിൽക്കോണം സുനിലാണ് എൽഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാജൻലാലാണ് യുഡിഎഫ് സ്ഥാനാർഥി. എസ് രാജീവാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞതവണ എൽഡിഎഫിന്‌  1675 ആയിരുന്നു ഭൂരിപക്ഷം.  വിതുരയിൽ  പൊന്നാംചുണ്ട്‌ വാർഡ്‌ അംഗമായിരുന്ന കോൺഗ്രസിലെ എൽ വി വിപിൻ യുഡിഎഫിന്റെ ദുർനയങ്ങളിൽ പ്രതിഷേധിച്ച്‌ രാജിവച്ചതിനെത്തുടർന്നാണ്‌  ഉപതെരഞ്ഞെടുപ്പ്‌. സിപിഐയിലെ എസ്‌ രവികുമാറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസിലെ പ്രേം ഗോപകുമാർ യുഡിഎഫിനുവേണ്ടിയും ജെ എസ്‌ സുരേഷ്‌ കുമാർ ബിജെപിക്കുവേണ്ടിയും മത്സരിക്കുന്നു. 149 വോട്ടിനാണ്‌ കഴിഞ്ഞതവണ യുഡിഎഫ്‌ വിജയിച്ചത്‌. ആകെ വോട്ടർമാർ 1705.    Read on deshabhimani.com

Related News