ശ്രദ്ധേയം ഈ അങ്കണവാടി

3 -ജി അങ്കണവാടി പനവൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് വി അമ്പിളി ഉദ്ഘാടനം ചെയ്യുന്നു


നെടുമങ്ങാട് കുട്ടികൾക്കൊപ്പം ഇനി അപ്പൂപ്പനും അമ്മൂമ്മയ്‌ക്കും അങ്കണവാടിയിൽ പോകാം.  കഥ പറയാം കൂട്ടുകൂടാം. നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്താണ്‌ വ്യത്യസ്‌തമായ ആശയം അങ്കണവാടികളിൽ നടപ്പാക്കുന്നത്‌. കുട്ടികൾ, കൗമാരക്കാർ, വയോജനങ്ങൾ എന്നിവർക്ക് പരിഗണന നൽകുന്ന വിധത്തിലാണ്‌ 3 -ജി അങ്കണവാടികൾ നടപ്പാക്കുന്നത്‌. ഇത്തരത്തിലുള്ള ആദ്യ അങ്കണവാടി പനവൂർ പഞ്ചായത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അമ്പിളി ഉദ്‌ഘാടനം ചെയ്തു.  കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ സംരക്ഷണം, മാനസിക ഉല്ലാസം എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കും.  കൗമാര പ്രായക്കാർക്കായുള്ള വിവരവിജ്ഞാന കേന്ദ്രമായും അങ്കണവാടികള്‍ പ്രവർത്തിക്കും. വിവിധ ഇ- സേവനങ്ങളും ലഭ്യമാകും. കംപ്യൂട്ടർ, ഇന്റർനെറ്റ്, പ്രിന്റർ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.  മുതിർന്ന വ്യക്തികളുടെ ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ജീവിതശൈലീരോഗ നിർണയത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്‌. പൾസ് ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ, ഹേമറ്റോ മീറ്റർ തുടങ്ങിയവയുമുണ്ട്‌. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 3 ജി അങ്കണവാടികൾ നിർമിച്ചത്. ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുത്ത ഒരു അങ്കണവാടിക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതി നടപ്പാക്കാനായി വകയിരുത്തിയിരിക്കുന്നത്. Read on deshabhimani.com

Related News