പരശുറാം എക്സ്പ്രസിന് സ്വീകരണം നൽകും



ചിറയിൻകീഴ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ചൊവ്വ വൈകിട്ട് 6 ന് സ്വീകരണം നൽകും. മൂന്ന് പതിറ്റാണ്ടായുള്ള യാത്രക്കാരുടെയും ജനങ്ങളുടെയും ആവശ്യമായിരുന്നു പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത്.  ഇതിനായി റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും, ചിറയിൻകീഴ് പൗരാവലിയും ജനപ്രതിനിധികളും ചേര്‍ന്ന് നിരവധി തവണ റെയിൽവേ അധികൃതർക്ക് നിവേദനങ്ങള്‍ നല്‍കുകയും സമരങ്ങളും നടത്തിയിരുന്നു. വർക്കല രാധാകൃഷ്ണൻ എംപി ആയിരുന്ന സന്ദർഭത്തിൽ സ്റ്റോപ്പെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. എ സമ്പത്ത് എംപി ആയിരുന്ന വേളയിലും നിരവധി പരാതികളും കത്തുകളും കേന്ദ്ര റെയിൽവേ മന്ത്രിക്കും ബോർഡിനും ഡിആർ എം അടക്കമുള്ളവർക്കും നൽകിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ചില ഘട്ടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ച ശേഷം പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. കടയ്ക്കാവൂരിൽകൂടി സ്റ്റോപ്പ് നൽകണമെന്ന  വക്കം പുരുഷോത്തമന്റെ ഇടപെടലും ചിറയിൻകീഴിന് സ്റ്റോപ്പ് നഷ്ടമാകാൻ കാരണമാകുകയായിരുന്നു. അമൃത് ഭാരത് പദ്ധതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതിനെയും അസോസിയേഷൻ സ്വാഗതം ചെയ്തു. Read on deshabhimani.com

Related News