വരൂ, കാണാം ‘മാജിക്‌ പ്ലാന്റ്‌’

ജില്ലയിൽ മികച്ച ഹരിതകർമ സേനയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കോർപറേഷൻ ഹരിതകർമസേന അംഗങ്ങളും ഭരണസമിതി അംഗങ്ങളും മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങുന്നു


കൊച്ചി മാലിന്യസംസ്‌കരണ രംഗത്തെ ‘മാജിക്‌ പ്ലാന്റ്‌’ കാണണോ, വരൂ ഗ്ലോബൽ എക്‌സ്‌പോയിലേക്ക്‌. മാലിന്യം സംസ്‌കരിച്ച്‌ ശുദ്ധജലമാക്കുന്ന ‘പ്ലാന്റുമായി’ എത്തിയിരിക്കുകയാണ്‌ തിരുവനന്തപുരം കോർപറേഷൻ. തലസ്ഥാനത്തിന്റെ ഈ വിജയമാതൃക മാലിന്യത്തെമാത്രമല്ല, മാലിന്യസംസ്‌കരണ പ്ലാന്റുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അകറ്റും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദ്രവമാലിന്യം സംസ്‌കരിക്കുന്നതാണ്‌ ഈ പ്ലാന്റ്‌. ദിവസം 50 ലക്ഷം ലിറ്ററാണ്‌ സംസ്‌കരണശേഷി. അമൃത്‌മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പ്ലാന്റ്‌ നിർമിച്ചത്‌.  സംസ്‌കരണശേഷം ശുദ്ധീകരിച്ച ജലം വിവിധ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനാകും. തിരുവനന്തപുരത്തെ പ്ലാന്റിൽ മനോഹരമായ പൂന്തോട്ടം ഒരുക്കാൻ ഉപയോഗിച്ചതും പ്ലാന്റിൽനിന്നുള്ള ശുദ്ധീകരിച്ച ജലമാണ്‌. പ്ലാന്റിനുസമീപം വീടുകളുണ്ട്‌. ഇത്രയും വൻതോതിൽ മാലിന്യസംസ്‌കരണം നടന്നിട്ടും പരിസരത്ത്‌ ദുർഗന്ധമോ മറ്റു മലിനീകരണമോ ഇല്ല. ഈ പ്ലാന്റിനെക്കുറിച്ച്‌ അറിയാനും പഠിക്കാനും നിരവധിപേരാണ്‌ എത്തുന്നത്‌. 14.38 കോടിയായിരുന്നു കരാർ തുക. വാട്ടർ അതോറിറ്റിയാണ്‌ വിശദ രൂപരേഖ തയ്യാറാക്കിയത്‌. 2021 സെപ്‌തംബറിലാണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഗ്ലോബൽ എക്‌സ്‌പോയിൽ പ്ലാന്റിന്റെ മാതൃക കാണാനും പ്രവർത്തനരീതി മനസ്സിലാക്കാനും ജനപ്രതിനിധികൾ ഉൾപ്പെടെ എത്തുന്നുണ്ട്‌. Read on deshabhimani.com

Related News